യു.എ.ഇയിൽ പ്രവാസികൾക്ക് ഇനി സ്വന്തം ഉടമസ്ഥാവകാശത്തിൽ കമ്പനി തുടങ്ങാം
text_fieldsദുബൈ: യു.എ.ഇയിൽ ഇനി പ്രവാസികൾക്ക് സമ്പൂർണ ഉടസ്ഥതയിൽ വാണിജ്യ സ്ഥാപനങ്ങളോ കമ്പനികളോ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. നിലവിൽ ഫ്രീസോണുകളിൽ മാത്രമാണ് പ്രവാസികൾക്ക് സമ്പൂർണ ഉടമസ്ഥാവകാശത്തിന് അനുമതിയുണ്ടായിരുന്നത്.
കമ്പനി ഉടസ്ഥാവകാശ നിയമത്തിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളിൽ പലതും ഡിസംബർ ഒന്ന് മുതൽ നിലവിൽ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂർണമായും പ്രവാസികളുടെ ഓഹരിപങ്കാളിത്തത്തിൽ ഓൺഷോറിൽ സ്ഥാപനങ്ങൾ തുടങ്ങാം.
എന്നാൽ എണ്ണഖനനം, ഊർജോൽപ്പാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ തുടരും. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങൾക്ക് വിൽക്കാം. നേരത്തെ 30 ശതമാനം ഷെയറുകൾ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാൽ കമ്പനികളുടെ ചെയർമാനും സീനിയർ ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാനും പുതിയ നിയമം അനുമതി നൽകുന്നു. ചരിത്രപരമെന്ന് വിശേഷിക്കാവുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ വിദേശനിക്ഷേപം യു.എ.ഇയിലെത്തും എന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.