വിഴിഞ്ഞം തുറമുഖം; ‘അവകാശവാദ പ്രതിവാദ’ങ്ങളില്‍ പ്രവാസികളും
text_fieldsറാസല്‍ഖൈമ: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി മുന്നണികള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ ഗള്‍ഫ് പ്രവാസികളും സജീവം. വിഴിഞ്ഞം തുറമുഖത്തിന്റെ നാള്‍വഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളാണ് തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതെന്നാണ് ഇടത് പ്രൊഫൈലുകളുടെ അവകാശ വാദം.
എന്നാല്‍, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കാന്‍ ആത്യന്തികമായി ശ്രമിച്ചതെന്ന വാദമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. നാട്ടില്‍ ചര്‍ച്ചയാകുന്ന സര്‍വ വിഷയങ്ങളിലും അഭിപ്രായവും നിലപാടുകളും പങ്കുവെക്കുന്നവരില് എന്നും മുന്നിലാണ് ഗള്‍ഫ് പ്രവാസികള്‍. വിഷയാധിഷ്ഠിത ചര്‍ച്ചകള്‍ വേഗത്തില്‍ കെട്ടടങ്ങുമെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ച പക്ഷം പിടിച്ച ചര്‍ച്ചകള്‍ ചൂടോടെ തുടരുന്നുവെന്നതാണ് ശ്രദ്ധേയം.
യു.ഡി.എഫ് തുടക്കമിടുന്ന വികസന പദ്ധതികളെ തുടക്കത്തില്‍ എതിര്‍ക്കുകയും ഭരണത്തിലെത്തിയാല്‍ തങ്ങളുടെ പദ്ധതിയായി അവതരിപ്പിക്കുന്നതാണ് ഇടത് രീതിയെന്നാണ് യു.ഡി.എഫ് ആക്ഷേപം. പദ്ധതി ആവിഷ്കരിക്കുകയും അദാനി കമ്പനിയുമായി കരാറില്‍ ഒപ്പുവെക്കുകയും നിര്‍മാണ പ്രവര്‍ത്തനത്തിന് തറക്കല്ലിടുകയും ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നന്ദികേടാണെന്ന വാദവും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നു.
എന്നാല്‍, അക്കാലത്ത് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ തുറന്നു കാണിക്കുകയെന്ന പ്രതിപക്ഷ ധര്‍മമാണ് തങ്ങള്‍ ചെയ്തതെന്നാണ് എല്‍.ഡി.എഫ് വാദം. ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതിരോധത്തിലായവര്ക്ക് ഒരു കച്ചിത്തുരുമ്പാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരെ പരിഹസിക്കുന്നവരെയും യു.ഡി.എഫ് സമൂഹ മാധ്യമ പ്രൊഫൈലുകളില്‍ കാണാം. അതേസമയം, വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണെങ്കില്‍ പ്രയോഗവത്കരിച്ചത് പിണറായി വിജയന് സര്‍ക്കാറാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം പങ്കുവെച്ച് ചൂടേറും ചര്‍ച്ചകളെ തണുപ്പിക്കുന്നവരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.