വയനാടിന് അഭയമേകാൻ വീടുകൾ വിട്ടു നൽകി പ്രവാസികൾ; 48 മണിക്കൂറിനകം സന്നദ്ധത അറിയിച്ചത് 132 പേർ
text_fieldsദുബൈ: ഒരായുഷ്കാലത്തിന്റെ അധ്വാനത്തിലൂടെ നിർമിച്ച സ്വപ്നക്കൂടുകൾ ഒറ്റരാത്രി കൊണ്ട് ഉരുളെടുത്തപ്പോൾ പെരുവഴിയിലായ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യരെ വേറിട്ട രീതിയിൽ ചേർത്തുപിടിക്കുകയാണ് ദുബൈയിലെ പ്രവാസി മലയാളികൾ. വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താൽകാലിക താമസമൊരുക്കാനായി പ്രഖ്യാപിച്ച ‘സപ്പോർട്ട് വയനാട് ഡോട്ട്.കോം’ പദ്ധതിക്ക് മികച്ച പ്രതികരണം.
ശനിയാഴ്ച പദ്ധതി പ്രഖ്യാപിച്ച് 48 മണിക്കൂറുകൾക്കം 132 പ്രവാസികൾ തങ്ങളുടെ വീട് വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചു. ഇതുവഴി 692 പേർക്ക് താൽകാലികമായി താമസം ഒരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സപ്പോർട്ട് വയനാട് ഡോട്ട് കോം പ്രവർത്തകർ പറഞ്ഞു. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാറിന് കൈമാറിയിട്ടുണ്ട്. താൽകാലികമായി വീട് വിട്ടുനൽകാൻ താൽപര്യമുള്ള പ്രവാസികൾക്ക് സപ്പോർട്ട് വയനാട് ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം.
കേരളത്തിലെയും അയൽസംസ്ഥാനത്തെയും വീടുകൾ, ഹോട്ടൽ മുറികൾ, റിസോർട്ടുകൾ എന്നിവയും ഇതിൽ രജിസ്റ്റർ ചെയ്യാനാകും. എത്രപേർക്ക് താമസിക്കാം, എത്രകാലത്തേക്ക് താമസം നൽകാം തുടങ്ങിയ വിശദാംശങ്ങളടക്കമാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്യുന്ന വിവരങ്ങൾ സംസ്ഥാന സർക്കാറിന് ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചിരുന്നു. വയനാട് ദുരിതാശ്വാസത്തിന് രൂപവത്കരിച്ച വകുപ്പാണ് താമസത്തിന് അർഹതയുള്ളവരെ നിർദേശിക്കുക. വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ താമസത്തിന്റെ മേൽനോട്ടം നിർവഹിക്കും. ഇക്കാര്യം മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചർച്ച ചെയ്തുവെന്നും സംവിധാനത്തിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.
താമസത്തിന് പുറമെ, വീടുകളിലേക്ക് ദുരിതബാധിതരെ എത്തിക്കാനുള്ള ട്രാൻസ്പോർട്ടിങ് സംവിധാനം, ആരോഗ്യ ശുശ്രൂഷ എന്നിവക്കും വെബ്സൈറ്റിൽ സംവിധാനമുണ്ടാകും. ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനുള്ള സംരംഭത്തിന് സാങ്കേതിക സൗകര്യമൊരുക്കുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. കോവിഡ് കാലത്തും, യു.എ.ഇയിലെ പ്രളയകാലത്തും നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായതെന്ന് പ്രവാസികളായ മുനീർ അൽവഫ, എ.എസ്. ദീപു , ഫൈസൽ മുഹമ്മദ്, അമൽ ഗിരീഷ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.