ദീപാവലി ആഘോഷം കെങ്കേമമാക്കി പ്രവാസികള്‍
text_fieldsയാസിർ കുറുമ്പടി
ദുബൈ: നാടുവിട്ടാലും ആഘോഷങ്ങള്‍ മറക്കാത്ത പ്രവാസികള്‍ കൃഷ്ണപക്ഷത്തിലെ ഉത്സവരാവുകള്‍ ആടിയും പാടിയും കെങ്കേമമാക്കി. യു.എ.ഇയിൽ കോവിഡ് മാനദണ്ഡങ്ങൾ നീക്കിത്തുടങ്ങിയതോടെ കഴിഞ്ഞവർഷം ആഘോഷങ്ങൾ നഷ്ടപ്പെട്ട പ്രവാസികൾ അത്യാഹ്ലാദപൂർവമാണ് ഇത്തവണ ആഘോഷിച്ചത്. അവധി ദിവസമായ വെള്ളിയാഴ്ചയായിരുന്നു പ്രധാന ആഘോഷപരിപാടികൾ. കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പടക്കം പൊട്ടിച്ചും മൺചെരാതുകൾ കത്തിച്ചും സ്ത്രീകളും കുട്ടികളും ആഘോഷത്തെ വരവേറ്റത്.
വീടുകള്‍ ദീപാലംകൃതമാക്കിയും പുതുവസ്ത്രങ്ങൾ അണിഞ്ഞും ആഘോഷങ്ങള്‍ക്കെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും പരസ്പരം മധുരം കൈമാറി. ഫ്ലാറ്റുകളിലും വില്ലകളിലും ദീപങ്ങള്‍ അലങ്കരിച്ചും, ബൊമ്മക്കൊലുകള്‍ ഒരുക്കിയും ആഘോഷം വര്‍ണാഭമാക്കി. ദക്ഷിണേന്ത്യക്കാര്‍ക്ക് കഴിഞ്ഞ ചൊവ്വാഴ്ചയും ഉത്തരേന്ത്യന്‍ സമൂഹത്തിന് വ്യാഴാഴ്ചയുമായിരുന്നു യഥാര്‍ഥ ദീപാവലി. വടക്കേ ഇന്ത്യക്കാര്‍ കൂടുതലായി താമസിക്കുന്ന ബര്‍ദുബൈയില്‍ ദീപാവലിയുടെ പൊലിമ എങ്ങും കാണാമായിരുന്നു. ദീപങ്ങളാല്‍ അലംകൃതമാക്കിയ വീടുകളും കടകളും തെരുവുകളും നഗരത്തിന് ഉത്സവച്ഛായ പകര്‍ന്നു. യു.എ.ഇ.യില്‍ പടക്കം പൊട്ടിക്കുന്നതിന് നിയമപരമായി തടസ്സങ്ങളുണ്ടെങ്കിലും കമ്പിപ്പൂത്തിരി പോലുള്ളവയും ചെറിയ പടക്കങ്ങളും പൊട്ടിച്ചായിരുന്നു പ്രധാന ആഘോഷം. ദുബൈ ക്രീക്ക് പരിസരത്ത് വിവിധ സംസ്ഥാനക്കാര്‍ക്കൊപ്പം ഇതര രാജ്യക്കാരും ഒത്തുകൂടി സന്തോഷം പങ്കിട്ടു. ബര്‍ദുബൈയിലെ ശിവ, ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ബുധനാഴ്ച മുതല്‍ ദീപാവലി ആരാധനക്ക് തിരക്കുണ്ടായിരുന്നു.
ഇന്നലെ പുലര്‍ച്ചെയും വൈകീട്ടും പ്രത്യേക പൂജാകര്‍മങ്ങള്‍ നടന്നു. രാത്രി ഏറെ വൈകിയും ഭക്തര്‍ പൂജക്കായി ക്ഷേത്രത്തിലെത്തിയിരുന്നു.
ബ്ലൂ വാട്ടേഴ്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും ഉണ്ടായി. എക്സ്പോ, ഗ്ലോബൽ വില്ലേജ്, ദുബൈ അറ്റ്ലാൻറ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത മാൾ, ദുബൈ മാൾ എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികൾ അരങ്ങേറി.
ദീപാവലിയുടെ ഭാഗമായി എക്സ്പോയിലെ ഇന്ത്യൻ പവിലിയനിലെ 'ദീപാഞ്ജലി'യിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ നടന്നുവരുന്നുണ്ട്. വെള്ളിയാഴ്ച ഘോഷയാത്രയും സലീം, സുലൈൻ, വിപുൽ മേത്ത എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.