ഹൈദ്രോസിനെ അനുസ്മരിച്ച് പ്രവാസലോകം
text_fieldsദുബൈ: പ്രവാസലോകത്തിന് ഏറെ പ്രിയങ്കരനയിരുന്ന കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൈദ്രോസിനെ അനുസ്മരിച്ച് സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസമാണ് ആലുവയിലുണ്ടായ വാഹനാപകടത്തിൽ ഹൈദ്രോസ് വിടവാങ്ങിയത്. ബൈപ്പാസിന് സമീപം റോഡ് മുറിച്ചു കടക്കവേ കാർ ഇടിക്കുകയായിരുന്നു. പ്രവാസികൾക്ക് പ്രിയങ്കരനായിരുന്ന ഹൈദ്രോസിനെ അനുസ്മരിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടി.
ദീർഘകാലം ദുബൈ എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗ് കമ്പനിയിലെ ജീവനക്കാരനും സാമൂഹിക - സേവന മേഖലയിൽ സജീവ സാന്നിധ്യവുമായിരുന്നു ഹൈദ്രോസ്. 42 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം അടുത്തിടെ വീണ്ടും ദുബൈയിൽ എത്തിയിരുന്നു. 1977ൽ ദുബൈയിൽ എത്തിയ ഹൈദ്രോസ് എമിറേറ്റ്സിന്റെ തുടക്കകാലം മുതലുള്ള ജീവനക്കാരനായിരുന്നു. രണ്ട് വിമാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിമാനങ്ങളിലേക്ക് എമിറേറ്റ്സ് വളരുന്നത് കൺമുൻപിൽ കാണാനുള്ള അവസരം ലഭിച്ചു. ദിവസവും ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചിരുന്ന കാറ്ററിങ് സർവീസിലായിരുന്ന ഹൈദ്രോസ് അസിസ്റ്റന്‍റ് പബ്ലിക് റിലേഷൻ മാനേജർ തസ്തികയിൽ നിന്നാണ് വിരമിച്ചത്. ഈ കാലയളവിൽ നാട്ടുകാരും സുഹൃത്തുക്കളുമായി നിരവധി പേർക്ക് എമിറേറ്റ്സിലും പുറത്തും ജോലി വാങ്ങിക്കൊടുത്തു. കമ്പനിയിൽ രണ്ട് പള്ളികൾ സ്ഥാപിക്കാനും റമദാനിൽ ഭക്ഷണം വിതരണം ചെയ്യാനും മുൻപന്തിയിൽ അദ്ദേഹമുണ്ടായിരുന്നു. സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഏത് നിമിഷവും ഏത് സഹായത്തിനും വിളിപ്പുറത്തുണ്ടായിരുന്നു.
ഹൈദ്രോസിനെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വാട്സാപ്പ് കൂട്ടായ്മയായ ‘മുൻപേ നടന്നവർ’ അനുസ്മരിച്ചു. പ്രവാസജീവിതം നയിക്കുന്നവരുടെയും നാട്ടിലേക്ക് മടങ്ങിയവരുടെയും കൂട്ടായ്മയാണിത്. ലിയാക്കത് ചാവക്കാട് അധ്യക്ഷത വഹിച്ചു. ലോവിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ഡോ. താജ് ആലുവ, അസ്‌ലം കരിയാട്, നസീർ കാതിയാളം, പി.സി. അബ്ദുറഹ്മാൻ, ശംസുദ്ധീൻ മാള, സുൽഫിക്കർ, ജാബിർ, അബൂബക്കർ മാള, കെ.എം. അൻവർ, മുഹമ്മദ് റഫീഖ്, സെയ്ദ് അലി എന്നിവർ സംസാരിച്ചു. കുഞ്ഞിമുഹമ്മദ് മുരിങ്ങേക്കൽ പ്രാർത്ഥന നടത്തി.
ഹൈദ്രോസിന്‍റെ സുഹൃത്തുക്കൾ ചേർന്ന് മുഹൈസനിയിൽ അനുസ്മരണവും ജനാസ നമസ്കാരവും നടത്തി. ഹമീദ് മലപ്പുറം നേതൃത്വം നൽകി. ജാബിർ അധ്യക്ഷത വഹിച്ചു. സഹപ്രവർത്തകരായ മുജീബ്, ഫസലുള്ള, ബഷീർ, മനാഫ്, മൃദുൽ, ലബീബ്, സരീക്ക്, കാസിം, നിസാർ എന്നിവർ അദ്ദേഹത്തെ അനുസ്മരിച്ചു. ഹമീദ് മലപ്പുറം പ്രാർത്ഥന നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.