പുതുപ്രതീക്ഷകളോടെ പുതുവർഷത്തിലേക്ക്...
text_fieldsദുബൈ: യു.എ.ഇയുടെ ചരിത്രത്തിലെ സുപ്രധാന നായികക്കല്ലുകൾ പിന്നിട്ട 2021 കടന്നുപോകുേമ്പാൾ പ്രതീക്ഷ നിറഞ്ഞ മനസോടെയാണ് സർവരും പുതു വർഷത്തെ വരവേൽക്കുന്നത്. ഐക്യ ഇമാറാത്ത് രൂപീകൃതമായി 50വർഷം പിന്നിട്ട ശേഷം വികസനത്തിെൻറയും പുരോഗതിയുടെയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് യു.എ.ഇ. കഴിഞ്ഞതിനേക്കാൾ മികച്ച വർഷമാണ് വരാനിരിക്കുന്നതെന്ന രാഷ്ട്ര നേതാക്കളുടെ വാഗ്ദാനം രാജ്യനിവസികളിൽ പ്രതീക്ഷ നിറക്കുന്നതുമാണ്. കോവിഡിെൻറ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടുകയും വാക്സിനേഷനിൽ ലോകത്തിന് തന്നെ മാതൃകയായ രീതിയിൽ മുന്നിട്ടുനിൽക്കുകയും ചെയ്ത അനുഭവത്തിൽ, രോഗത്തിെൻറ പുതുതരംഗത്തെയും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നവവൽസരാഘോഷത്തിലേക്ക് പ്രവേശിക്കുന്നത്.
യു.എ.ഇയെ സംബന്ധിച്ച് ഏറെ പ്രത്യേകതകളുള്ള ഒരു വർഷമാണ് മുന്നിലുള്ളത്. സാമ്പത്തിക-സാമൂഹിക മേഖലകളിൽ ദീർഘദൃഷ്ടിയോടെ രൂപപ്പെടുത്തിയ പല പുതിയ ചുവടുവെപ്പുകളും നടപ്പിൽ വരുന്ന വർഷം കൂടിയാണ് 2022. ഈ നടപടികളിലൂടെ ആഗോള സാമ്പത്തിക തലസ്ഥാനമെന്ന ഖ്യാതി കൂടുതൽ ശക്തമായി അരക്കിട്ടുറപ്പിക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നത്. വാരാന്ത്യ അവധിമാറ്റം യു.എ.ഇയിൽ പുതുവർഷത്തിൽ വരാനിരിക്കുന്ന സുപ്രധാന മാറ്റമാണ് വാരാന്ത്യ അവധി ദിനങ്ങളിലെ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ജനുവരി ഒന്നു മുതൽ അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും.
നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം സർക്കാർ ജീവനക്കാർക്കും സ്കൂളുകൾക്കും ബാധകമായിരിക്കും. മിക്ക സ്വകാര്യ സ്ഥാപനങ്ങളും പുതിയ മാറ്റത്തിന് അനുസരിച്ച് പ്രവൃത്തിദിനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫീസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ് പുതിയ സജ്ജീകരണം. എന്നാൽ ഷാർജയിൽ മൂന്നു ദിവസമാണ് അവധി തീരുമാനിച്ചിരിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അവധിയാകുന്നതോടെ മൂന്നുദിവസം അവധി ലഭിക്കുന്ന ലോകത്തെ അപൂർവ്വ പ്രദേശമായി ഷാർജ മാറുകയാണ്. പുതിയ മാറ്റം യു.എ.ഇയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ബിസിനസിൽ വളർച്ചക്ക് ഇത് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിഷ്കരിച്ച
തൊഴിൽ നിയമം 2022 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമം വളരെ പ്രതീക്ഷയോടെയാണ് സ്വദേശികളും വിദേശികളും കാണുന്നത്. തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകാനാണ് ഈ നിയമമൊരുക്കിയത്. തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം നിലവിലുള്ള പലവിധ പ്രതിബന്ധങ്ങളും നീങ്ങും. പ്രൊബേഷൻ ആറു മാസത്തിൽ കൂടരുത്, തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കരുത്, ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവാദമുണ്ടാകണം, തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാനാവില്ല തുടങ്ങിയ കാര്യങ്ങളെല്ലാം പ്രവാസികളടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ്. അതേപോലെ തൊഴിലിടത്തിൽ സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള ഘടകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണ് നിയമം. തൊഴിലാളികൾക്കെതിരെ അവരുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ നടത്തുന്ന ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ വാക്കാലോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവയും ഇത് നിരോധിക്കുന്നു. വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത് തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു. യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തവും മൽസര ശേഷിയും വർധിപ്പിക്കുന്നതിന് സഹായിക്കുന്ന വകുപ്പുകളും ഉൾപെട്ടതിനാൽ നിയമത്തെ വളരെ പ്രതീക്ഷയോടെയാണ് സ്വദേശികളും കാണുന്നത്. സിവിൽ-ക്രിമിനൽ
നിയമങ്ങളിലെ മാറ്റം യു.എ.ഇയുടെ നിയമവ്യവസ്ഥയിൽ ചരിത്രത്തിലെ ഏറ്റവും പരിഷ്കരണത്തിന് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാൻ അംഗീകാരം നൽകിയത് ഇക്കഴിഞ്ഞ നവംബറിലാണ്. സാമൂഹിക സ്ഥിരത, സുരക്ഷ, വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശങ്ങൾ ഉറപ്പാക്കൽ, സാമ്പത്തിക-നിക്ഷേപ-വാണിജ്യ അവസരങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം. രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന സന്ദർഭത്തിൽ ഭാവിയിലേക്കുള്ള തത്വങ്ങൾക്കും പദ്ധതികൾക്കും അനുസരിച്ചാണ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നാൽപതിലേറെ നിയമങ്ങളിലാണ് മാറ്റങ്ങളും നവീകരണവും വരുത്തിയിരിക്കുന്നത്.
ക്രിമിനൽ നിയമങ്ങൾ അടക്കമുള്ളവയിലെ മാറ്റങ്ങൾ ജനുവരിയോടെയാണ് പൂർണമായും നടപ്പിലാവുന്നത്. ഡിജിറ്റൽ സിഗ്നേചറുകൾക്ക് കൈയൊപ്പിെൻറ അതേ മൂല്യമുണ്ടാകും, കോപിറൈറ്റ് ഉറപ്പുവരുത്തി ക്രിയേറ്റീവ് ഇൻഡസ്ട്രിയെ ശക്തിപ്പെടുത്തും, ട്രേഡ് മാർകുകൾക്ക് സംരക്ഷണം ഉറപ്പുനൽകും, നിക്ഷേപകരെയും സംരംഭകരെയും എല്ലാ മേഖലകളിലും കമ്പനികൾ സ്ഥാപിക്കാനും പൂർണമായി സ്വന്തമാക്കാനും അനുവദിക്കും, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ ഉപദ്രവം, ഭീഷണിപ്പെടുത്തൽ, വ്യാജ വാർത്തകൾ എന്നിവ തടയും, നിയമം സ്ത്രീകൾക്കും വീട്ടുജോലിക്കാർക്കും മികച്ച സംരക്ഷണം ഉറപ്പുനൽകും, വിവാഹേതര ബന്ധങ്ങൾ കുറ്റകൃത്യമായി കണക്കാക്കില്ല, ബലാൽസംഗത്തിനും സമ്മതമില്ലാത്ത ലൈംഗികബന്ധത്തിനും കടുത്ത ശിക്ഷ നൽകും തുടങ്ങി അതിസുപ്രധാനമായ മാറ്റങ്ങളും പരിഷ്കരണങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. 2022ൽ നടപ്പാക്കാനിരിക്കുന്ന മാറ്റങ്ങളോരോന്നും രാജ്യത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക മേഖലയിലും അറബ് മേഖലയിലെ സാസ്കാരിക രംഗത്തും കൂടുതൽ കരുത്തോടെ യു.എ.ഇ ഉയർന്നുനിൽക്കുന്ന നാളുകളാണ് വരാനിരികുന്നത് എന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും പുതിയ വർഷത്തെ വരവേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.