സലാല കാഴ്ചകൾ
text_fieldsHeading
Content Area
വലിയ ഒരുപാട് ആളുകളുടെ ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് സലാല. ചേരമാൻ പെരുമാൾ ഖബറിടവും ഇവിടെയുണ്ട്. സിമന്‍റ് തേച്ച് കുറച്ച് ഉയർത്തി കെട്ടിയിരിക്കുന്ന ഒരു മലയാളി രാജാവിന്‍റെ ഖബറിടം മഴയിൽ തലയുയർത്തി നില്കുന്നത് അടുത്തുനിന്ന് കണ്ടു. മദീനയിൽ പോയി പ്രവാചകൻ മുഹമ്മദിനെ കണ്ട് തിരിച്ചു വരുമ്പോൾ സലാലയിൽ വെച്ച് അദ്ദേഹം മരണമടയുകയായിരുന്നു. വിനോദ സഞ്ചാരികൾ സലാലയിൽ എത്തിയാൽ ആദ്യത്തെ ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് വാദി ദർബാത്. അത്രയും പ്രസിദ്ധിയാർജ്ജിച്ച വാദി ദർബാത് പക്ഷെ ഞങ്ങൾക്ക് നിരാശയാണ് നൽകിയത്. തലേന്നുണ്ടായ മഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ അധികൃതർ സന്ദർശനം തടഞ്ഞിരിക്കുകയാണ്. നൂറിലേറെ അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിലും അത് ഒഴുകി പോവുന്ന മനോഹരമായ വാദിയിലും ചാടി കുളിക്കാനും ബോട്ട് സവാരി നടത്താനും പുല്ലിൽ വീണുരുളാനും പൂക്കളെയും പൂമ്പാറ്റകളെയും കണ്ടാസ്വദിക്കാനും ഫോട്ടോയെടുക്കാനും സ്വപ്നം കണ്ട് പോയ ഞങ്ങൾക്ക് തീരാ നഷ്ടം. മനസ്സില്ല മനസോടെ വിദൂരയിൽ മാത്രം വാദി ദർബാതിനെ കണ്ട് ഞങ്ങൾ തിരിച്ചു പോന്നു.
സിങ്ക് ഹോൾ:
വാദി ദർബാതിൽ നിന്ന് തവി അതർ റോഡ് മാർഗം ഞങ്ങൾ സിങ്ക് ഹോളിൽ എത്തി. വാഹനം നിറുത്തി ഇറങ്ങിയപ്പോൾ ഒരു സാധാരണ സ്ഥലം പോലെ തോന്നിയെങ്കിലും കുറച്ച് താഴേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ അഗാധമായ ഗർത്തം. 200 അടിയിലേറെ താഴ്ചയും 100 അടിയിലേറെ വീതിയുമുള്ള അതിസാധാരണമായ കുഴി. ആകാശത്തുനിന്ന് ഉൽക്ക വന്നു വീണപ്പോഴുണ്ടായതാണെന്നും അതല്ല മണ്ണ് താഴേക്ക് ഇടിഞ്ഞ് പോയതാണെന്നുമൊക്കെ ചിലർ പറയുന്നത് കേട്ടു എന്തായാലും മനുഷ്യ നിർമിതമല്ല, പ്രകൃതി തന്നെയുണ്ടാക്കിയതാണ്.
ഞങ്ങളിൽ ചിലർ മാത്രം താഴേക്ക് പോവാൻ തയ്യാറെടുത്തു. കൃത്യമായ മുൻകരുതലില്ലാതെ ഒരിക്കലും പോവാൻ ഇറങ്ങാൻ പാടില്ലാത്ത സ്ഥലമാണ് സിങ്ക് ഹോളുകൾ. പ്രത്യേകിച്ച് മഴ പെയ്ത് തെന്നിക്കിടക്കുന്ന ഖരീഫ് സീസണിൽ. ട്രാക്കിങ് ഷൂവും അതിലേറെ ആത്മധൈര്യവും ഉള്ളവർക്ക് താഴെവരെ പോവാം. ഒരു തെറ്റ് പറ്റിയാൽ നമ്മൾ 200 അടിയിൽ താഴ്ചയിലെ പാറയിൽ ചെന്ന് വീഴും. ചിലയിടത്തൊക്കെ ഇരുന്നും മണ്ണിലും പറയിലുമൊക്കെ പിടിച്ച് ഞങ്ങൾ ഇറങ്ങി. ഇത്രയും ഭീകരമായ അന്തരീക്ഷം ഉണ്ടായിട്ടും പാക്കിസ്ഥാനികൾ കൂളായിട്ട് ഇറങ്ങിപോവുന്നത് കണ്ട് അന്തംവിട്ട് നിന്നു. താഴെയെത്തി മുകളിലേക്ക് നോക്കിയപ്പോൾ വലിയൊരു കിണറിൽ അകപ്പെട്ടത് പോലെ തോന്നി. തിരിച്ചു കയറി മുകളിൽ എത്തിയപ്പോൾ എവറസ്റ്റ് കീഴടക്കിയവനെയൊക്കെ മനസ്സിൽ തൊഴുതു.
അവിടുന്ന് നേരെ പോയത് ജബൽ സംഹനിലേക്കാണ്. വഴിയിലിരുവശങ്ങളിലും മഞ്ഞുമൂടിയ പച്ചവിരിച്ച താഴ്വരകളായിരുന്നു. ഇടക്ക് നിറുത്തി ഫോട്ടോയെടുത്ത് യാത്ര തുടർന്നു. ഞങ്ങൾ എത്തിയപ്പോഴേക്കും സംഹാൻ മലയെയാകെ മഞ്ഞ് വിഴുങ്ങിയിരുന്നു. മുടിയിലും മുഖത്തുമെല്ലാം മഞ്ഞ് വീണ് വെള്ളത്തുള്ളികൾ സൗന്ദര്യം പകർന്നുകൊണ്ടേയിരുന്നു. മഞ്ഞു മൂടിയത് കാരണം വ്യൂ പോയിന്‍റിലെ കാഴ്ച കാണാൻ കഴിയാതെ ഞങ്ങൾ മലയിറങ്ങി. പിന്നീട എത്തിയത് ആന്‍റിഗ്രാവിറ്റി പോയിന്‍റിലാണ്. സഞ്ചാരികളെകൊണ്ട് നിറഞ്ഞ ആന്‍റിഗ്രാവിറ്റി പോയിന്‍റിൽ ഓഫ് ചെയ്ത വാഹങ്ങൾ താനേ മലകയറി പോവുന്നു. ഞങ്ങളും കൂടെകൂടി ഓഫ് ചെയ്തിട്ടും കാർ നീങ്ങിത്തുടങ്ങി, കാറിൽ നിന്നും ചാടിയിറങ്ങിയും കയറിയും ആന്‍റിഗ്രാവിറ്റിയെ ആസ്വദിച്ച് ഞങ്ങൾ നേരെ ഐൻ അതൂമിലേക്ക് തിരിച്ചു.
ഐൻ അതൂം:
വാദി ദർബാതിലെ വെള്ളച്ചാട്ടം കാണാൻ കഴിയാത്തതിലുള്ള നഷ്ടം നികത്തണം എന്നുദ്ദേശത്തോടെ പോയതായിരുന്നു ഐൻ അതൂം വെള്ളച്ചാട്ടത്തിലേക്ക്. സലാലയുടെ കിഴക്കൻ ഭാഗത്ത് ഖാറ മലയിലാണ് ഐൻ അതൂം സ്ഥിതിചെയ്യുന്നത്. സിറ്റിയിൽ നിന്നും ഏകദേശം 30 മിനിറ്റ് യാത്രയാണ് സുന്ദരിയായ ഐൻ അതൂമിലേക്കുള്ളത്. ഖരീഫ് സീസണിൽ മാത്രമാണ് ഐൻ അതൂമിൽ വെള്ളം വരാറുള്ളത്. അഞ്ച് സ്ഥലങ്ങളിൽ നിന്നായി ഉയരത്തിൽ നിന്ന് വെള്ളം താഴേക്ക് വരുന്നു. സുന്ദരമായ ആ കാഴ്ച നോക്കിക്കാണാൻ മാത്രമേ സെക്യൂരിറ്റിക്കാർ അനുവദിച്ചുള്ളു. മലമുകളിൽ മഴ പെയ്യുന്നതിനാൽ ഏതു നിമിഷവും മഴ വെള്ള പാച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ടത്രേ. അങ്ങനെ വെള്ളത്തിൽ ചാടി കുളിക്കാനുള്ള ഞങ്ങളുടെ പ്ലാൻ അവിടെയും പൊളിഞ്ഞു.
സലാലയുടെ ബീച്ചുകൾ പ്രസിദ്ധമാണ്. എല്ലാം പ്രകൃതി തന്നെ മനോഹരമാക്കിയിട്ടുണ്ട്. അതിൽ ഒരു ബീച്ചാണ് ബഹ്‌റിസ് ബീച്ച്. ഗവണ്മെന്‍റ് ബീച്ച് ടൂറിസം ലക്ഷ്യം വെച്ച് കുറച്ച് സംവിധാനങ്ങൾ ഒരുക്കിയ ഒരേ ഒരു സ്ഥലമാണിത്. അതല്ലങ്കിൽ മനുഷ്യന്‍റെ കൈകടത്തലുകൾ ഉണ്ടായിട്ടുള്ള സലാലയിലെ ഒരേ ഒരു വിനോദ സഞ്ചാര കേന്ദ്രം. പ്രകൃതിയുണ്ടാക്കിയത് അങ്ങനെ തന്നെ നിൽക്കട്ടെ എന്നാണത്രെ ഗവണ്മന്‍റിന്‍റെ തീരുമാനം. നല്ലത് തന്നെ. എന്നാലും സുരക്ഷക്ക് വേണ്ടി പലതും ചെയ്യേണ്ടതുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വലിയ തിരമാലകൾ സമ്മാനിച്ച് ബഹ്‌റിസ് ബീച്ച് ഞങ്ങളെ സ്വീകരിച്ചു. സന്ധ്യ സൂര്യൻ മറഞ്ഞ് ഇരുട്ട് പരക്കും വരെ ഞങ്ങൾ ബഹ്‌റിസിനെ നോക്കി നിന്നു.
ഷാത് വ്യൂ പോയിന്‍റ്:
റൂം വെക്കേറ്റ് ചെയ്ത് ഞങ്ങൾ രാവിലെ ഇറങ്ങി, ഷാത് കണ്ട് നേരെ ദുബൈയിലേക്ക് തിരിക്കണം അതാണ് പ്ലാൻ. സലാലയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെ യമൻ ബോർഡറിനടുത്ത് കടലിൽ നിന്ന് ആയിരത്തിലധികം മീറ്റർ ഉയരത്തിൽ നിൽക്കുന്ന സ്ഥലമാണ് ഷാത്. ഇന്ത്യൻ ഉൾക്കടലും അറേബ്യൻ ഉൾക്കടലും തമ്മിൽ ചേരുന്ന അപൂർവ കാഴ്ചയാണ് ഷാത് നമുക്ക് നൽകുന്നത്. മുക്സൈൽ ബീച്ച് വഴിയാണ് ഷാത്തിലേക്കുള്ള യാത്ര. നന്നായി പ്ലാൻ ചെയ്ത് പോവുകയാണെങ്കിൽ ആദ്യം ഷാത് കണ്ട് വൈകുന്നേരമാവുമ്പോൾ മുക്സൈൽ ബീച്ചിലേക്ക് എത്താം. രണ്ട് മലകൾ കയറിയിറങ്ങി ചെന്നാലുള്ള ജബൽ ഖമർ എന്ന മലയിലാണ് ഷാത് നിൽക്കുന്നത്. മൂടൽ മഞ്ഞ് ഉള്ളിടങ്ങളും ഇല്ലാത്തിടങ്ങളും നിരന്നതും മലകളും ഗർത്തങ്ങളും വെയിലും മഴയും തണുത്ത കാറ്റും എല്ലാം ഉൾച്ചേർന്ന വഴിയോരങ്ങൾ താണ്ടി ഞങ്ങൾ ഷാത് എത്തറായി. ഏകദേശം 15 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ മിലിറ്ററി ചെക്ക് പോയിന്‍റിൽ തടഞ്ഞു. ചെക്കിങ് എല്ലാം കഴിഞ്ഞ് പട്ടാളക്കാരെ കൂടി കമ്പനിയാക്കി ഞങ്ങൾ യാത്ര തുടർന്നു.
100 മീറ്റർ നേരെ താഴെ കടൽ, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. തെളിഞ്ഞ നീല വെള്ളം പോലെ തോന്നിച്ചു. കയറി ചെല്ലുന്ന ഭാഗത്തെല്ലാം ബാരിക്കേഡുകൾ വെച്ചിട്ടുണ്ടെങ്കിലും താഴേക്ക് ഇറങ്ങും തോറും ഒന്നും തടസ്സമായില്ല. നമ്മൾ തന്നെ സൂക്ഷിക്കണം, കാലൊന്ന് തെന്നിയാൽ താഴേക്ക് പതിക്കും. എവിടയും തടയില്ല, നേരെ കടലിൽ ചെന്ന് വീഴും. എല്ലാവരും ഒരുമിച്ചിരുന്ന് പാട്ടെല്ലാം പാടി ആസ്വാദിച്ച് ഷാതിനോട് വിട പറഞ്ഞു.
തിരികെയാത്ര:
തിരിച്ചു വരുന്ന വഴിക്ക് ആളുകൾ കൂടിയത് കണ്ട് ഞങ്ങളും നിറുത്തി. അതായിരുന്നു ഷാത്തിലെ ഹിഡൻ ബീച്ച്. ലോകത്തിലെ ഏറ്റവും സുന്ദരമായ ബീച്ചുകളിൽ ഒന്നായി സ്ഥാനം പിടിച്ചിട്ടുള്ള കടൽ തീരം. അവിടെയെങ്ങാനും നിറുത്താതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടമാകുമായിരുന്നു. വളരെ ചെറിയ ഈ കടൽ തീരം പക്ഷെ സൗന്ദര്യം കൊണ്ട് വലുതായിരുന്നു. പച്ചപ്പ് മൂടിയ മലയിടുക്കിൽ നീല നിറത്തിലുള്ള വെള്ളം തിരമാലയായി വന്ന് വെള്ള നിറമായി തിരിച്ചു പോവുന്നു. എത്ര ദൂരം ഉള്ളിലോട്ട് നടന്നാലും തെളിമ നഷ്ടപ്പടാതെ കടലിനടിയിലുള്ളതെല്ലാം വ്യക്തമായി കാണാം. അധികം വൈകാതെ ഞങ്ങൾ ഷാതിനോട് നിറഞ്ഞ മനസോടെ വിട പറഞ്ഞു, സലാലയോടും.
യൂത്ത് ട്രാവൽ ഗൈഡിനോടുള്ള നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് ഞങ്ങൾ വൈകുന്നേരത്തിനു മുമ്പ് തന്നെ പുറപ്പെട്ടു, 400 കിലോമീറ്ററോളം ഉള്ള ടുവേ റോഡ് ഇരുട്ടുന്നതിന് മുമ്പേ ഓടി തീർത്തു. വളരെയധികം അപകടം പിടിച്ച ആ റോഡിൽ രാത്രി യാത്ര ഒഴിവാക്കണം എന്ന് ഗൈഡ് മുമ്പേ പറഞ്ഞിരുന്നു. യു.എ.ഇ ബോർഡറിൽ ഉണ്ടായ തിരക്ക് കാരണം കുറച്ച് വൈകിയതൊഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടും കൂടാതെ ഞങ്ങൾ വീടണഞ്ഞു. യൂത്ത് ട്രാവലിന്‍റെ അടുത്ത ടെസ്റ്റിനേഷന് വേണ്ടിയുള്ള കട്ട കാത്തിരിപ്പിലാണ് ഇപ്പോ ഞങ്ങളെല്ലാവരും
●ചിത്രം: അജ്മൽ ഉനൈസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.