എക്സ്പോ: കണ്ണഞ്ചിപ്പിക്കുന്ന 10 പരിപാടികൾ
text_fieldsദുബൈ: എക്സ്പോയുടെ രൂപവും ഭാവവും ഇന്നത്തെ പോലെയാകില്ല നാളെ എന്നാണ് സംഘാടകരുടെ ഭാഷ്യം. ദിവസവും പരിപാടികൾ മാറും. സംഗീതം, നൃത്തം, മാജിക്, ലൈറ്റ് ഷോ, കലാപ്രകടനങ്ങൾ, രുചിമേളകൾ... ഇങ്ങനെ വൈവിധ്യങ്ങളാൽ സമ്പന്നമായ മഹാമേളയിലെ കണ്ണഞ്ചിപ്പിക്കുന്ന പത്ത് പരിപാടികൾ ഇന്ന് പരിചയപ്പെടാം..
1. ഉദ്ഘാടന ചടങ്ങ്
(സെപ്റ്റംബർ 30)
രാത്രി 7.30നാണ് അൽവാസൽ പ്ലാസയിൽ ഉദ്ഘാടന ചടങ്ങ് തുടങ്ങുന്നത്. 90 മിനിറ്റ് നീളുന്ന പരിപാടിയിൽ ആയിരക്കണക്കിന് കലാകാരന്മാർ അണിനിരക്കും. എ.ആർ. റഹ്മാെൻറ നേതൃത്വത്തിൽ ഓഡിഷൻ നടത്തി തിരഞ്ഞെടുത്ത സ്ത്രീകളുടെ സംഗീത ബാൻഡായ ഫിർദൗസ് ഓർക്കസ്ട്രയുടെ അരങ്ങേറ്റവും ഇവിടെ നടക്കും. ലോകപ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന ചടങ്ങ് ലോകകപ്പ് പോലുള്ള മഹാമേളക്ക് സമാനമായ ഉദ്ഘാടനമാണ് ഒരുക്കുന്നത്. പ്രവേശനം ക്ഷണിക്കപ്പെട്ട വ്യക്തികൾക്ക് മാത്രമാണെങ്കിലും എക്സ്പോ ടി.വിയിൽ തത്സമയ സംപ്രേഷണം ഉണ്ടാകും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ചാനലുകൾ വഴിയും സംപ്രേഷണം ചെയ്യുന്നുണ്ട്.
2. ലേറ്റ് നൈറ്റ് ഷോ
(വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 10.30 മുതൽ ഒരുമണി വരെ)
ദുബൈ മില്ലേനിയം ആംഫി തിയറ്ററിലാണ് (ജൂബിലി സ്റ്റേജ്) പരിപാടി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ഗായകർ ഇവിടെ പാടിത്തകർക്കും. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാതിരാത്രി വരെ ഉല്ലസിക്കാനുള്ള അവസരമായിരിക്കും ഈ വേദി സമ്മാനിക്കുക. മ്യൂസിക് ബാൻഡുകളായ കാൾ ആൻഡ് ദ റെഡാ മാഫിയ, ജയെ ആൻഡ് ഫോ തുടങ്ങിയവയെല്ലാം അണിനിരക്കും.
3. സ്റ്റെപ് ആഫ്രിക്ക
(ഒക്ടോബർ മൂന്ന് മുതൽ ആറ് വരെ, ഏഴ് മുതൽ ഒമ്പത് വരെ)
ജൂബിലി സ്റ്റേജിലും എർത്ത് സ്റ്റേജിലുമാണ് ഈ പരിപാടി നടക്കുക. ആഫ്രിക്കൻ- അമേരിക്കൻ പരമ്പരാഗത സംഗീത നൃത്ത പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ആഫ്രിക്കൻ നൃത്തച്ചുവടുകൾ എക്സ്പോയിലെത്തിയാൽ കാണാൻ അവസരമുണ്ട്.
4. ആതിഫ് അസ്ലം
(ഒക്ടോബർ ഒമ്പത് രാത്രി 8.30 മുതൽ 10.30 വരെ)
ദുബൈ മില്ലേനിയം ആംഫി തിയറ്ററിലാണ് പാകിസ്താനി ഗായകൻ ആതിഫ് അസ്ലമിെൻറ സംഗീത നിശ. ഇന്ത്യയിലെയും പാകിസ്താനിലെയും സിനിമ ഗാനങ്ങളാകും ആതിഫിെൻറ വേദിയിൽനിന്ന് മുഴങ്ങുക.
5. ജൽസത് നൈറ്റ്
(എല്ലാ മാസവും ഒരു ദിവസം രാത്രി 8.30 മുതൽ 10.30 വരെ. ആദ്യ ഷോ ഒക്ടോബർ 12ന്)
അറബ് ലോകത്തിെൻറ പരമ്പരാഗത ഗാനവും നൃത്തവും ഒരുക്കുന്നതായിരിക്കും ജൽസത് നൈറ്റ്. 30 കലാകാരന്മാർ വേദിയിലെത്തും. ഒക്ടോബർ 12 കഴിഞ്ഞാൽ നവംബർ എട്ട്, ഡിസംബർ ആറ്, ജനുവരി 12, ഫെബ്രുവരി ഒമ്പത്, മാർച്ച് 15 എന്നീ ദിവസങ്ങളിലായിരിക്കും പരിപാടികൾ).
6. എക്സ്പോ ബീറ്റ്സ്
(എല്ലാ മാസവും ഒരു ദിവസം, ഒക്ടോബർ ഏഴിന് തുടക്കം)
ജൂബിലി സ്റ്റേജിലാണ് പരിപാടി. സംഗീത- സാംസ്കാരിക മേളയാണിത്. സംഗീതത്തിന് പുറമേ, സന്ദർശകർക്കായി നൃത്തങ്ങളും ഒരുക്കും. ട്രൈബൽ ബീറ്റ്സ് മുതൽ ഐലൻറ് ബീറ്റ്സ് വരെയുള്ള സംഗീത വിഭാഗങ്ങൾ ഇവിടെ കേൾക്കാം. ഇന്ത്യൻ പോപ് ജോടികളായ പരേഖും സിങ്ങുമായിരിക്കും ഇതിെൻറ അവതാരകരായും പ്രധാന ഗായകരായും എത്തുക.
7. ഫിർദൗസ് ഓർക്കസ്ട്ര
(ഒക്ടോബർ 23, നവംബർ 16, 20, ജനുവരി 13, ഫെബ്രുവരി മൂന്ന്, മാർച്ച് എട്ട് തീയതികളിൽ വൈകീട്ട് മൂന്ന്, രാത്രി ഏഴ്, എട്ട് മണിക്ക്)
ഉദ്ഘാടന ചടങ്ങിൽ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രകടനം നേരിൽ ആസ്വദിക്കാൻ കഴിയാത്തവർ നിരാശപ്പെടേണ്ട.
ആറ് ദിവസങ്ങളിൽ കൂടി സന്ദർശകരെ വിസ്മയിപ്പിക്കാൻ സംഘം നേരിട്ടെത്തും. 50 വനിതകളാണ് ഓർക്കസ്ട്രയിലുള്ളത്. എ.ആർ. റഹ്മാനായിരിക്കും നേതൃത്വം.
8. ഫിഡെ വേൾഡ് ചെസ് ചാമ്പ്യൻഷിപ്
(നവംബർ 24 മുതൽ ഡിസംബർ 16 വരെ)
ചെസ് പ്രേമികൾക്കും എക്സ്പോയിൽ സ്ഥാനമുണ്ട്. ദുബൈ എക്സിബിഷൻ സെൻററിലാണ് ലോക ചെസ് ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ റൗണ്ട് അരങ്ങേറുന്നത്. ലോക മുൻനിര താരങ്ങളായ നോർവെയുടെ മാഗ്നസ് കാൾസണും ഇയാൻ നെപോനിയാചിയും പങ്കെടുക്കും.
9. നഷീദ് അൽ വസ്ൽ
(ജനുവരി 17, 23, ഫെബ്രുവരി 6, 27, മാർച്ച് 13, 20)
കുട്ടികളുടെ സംഗീത വിരുന്നാണിത്. ജൂബിലി സ്റ്റേജിൽ നടക്കുന്ന പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികൾ 30 മിനിറ്റ് ഗാനം ആലപിക്കും. ഷർഖ് ഓർക്കസ്ട്രയുമായി സഹകരിച്ചാണ് പരിപാടി. ഇതിനായി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
10. ദേശീയ ദിന പരിപാടികൾ
എല്ലാ രാജ്യങ്ങളുടെയും ദേശീയ ദിനങ്ങളിൽ അതത് രാജ്യത്തിെൻറ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ ഉണ്ടാകും.
ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനത്തിലും ഇന്ത്യൻ പവലിയനിൽ വിവിധ പരിപാടികൾ നടക്കും. ഡിസംബർ രണ്ടിന് യു.എ.ഇ ദേശീയ ദിനത്തിലും ആഘോഷം അരങ്ങുതകർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.