എക്സ്പോ 2020 : നഗരിയിലും പരിസരത്തും 60 ലക്ഷം ചെടികൾ, 20,000 മരങ്ങൾ
text_fieldsപച്ചപ്പണിഞ്ഞ എക്സ്പോ നഗരിയിലേക്കുള്ള നിരത്തുകൾ
ദുബൈ: ലോകം പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന എക്സ്പോ 2020 ദുബൈ നഗരി, കാഴ്ചക്കാർക്ക് കണ്ണിന് കുളിർമ പകരുന്ന ഹരിത അനുഭവമാകും. ഇതിനായി നഗരിയിലും പരിസരത്തും 60 ലക്ഷം ചെടികളും 20,000 മരങ്ങളുമാണ് നട്ടുനനച്ചു വളർത്തിയത്. എക്സ്പോ സൈറ്റിലെ ഹരിതവത്കരണ പദ്ധതികൾ പൂർത്തിയായതായി ദുബൈ മുനിസിപ്പാലിറ്റി വ്യാഴാഴ്ച അറിയിച്ചു.
205 മില്യൺ ദിർഹം ചെലവഴിച്ച ലാൻഡ്സ്കേപ്പിങ് പദ്ധതിയിലൂടെ 20 ലക്ഷം സ്ക്വയർ മീറ്റർ പ്രദേശമാണ് മനോഹരമാക്കിത്തീർത്തത്. പദ്ധതിയുടെ പൂർത്തീകരണം വ്യക്തമാക്കി, എക്സ്പോ നഗരിയിലേക്കുള്ള റോഡുകൾക്കും ഫ്ലൈ ഓവേഴ്സിനും സമീപത്തെ പച്ചപ്പും സൗന്ദര്യവും കാണിക്കുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടു.
എക്സ്പോ വേദിയിലേക്ക് പോകുന്ന റോഡുകൾക്ക് ചുറ്റും നാല് മില്യണിലധികം തൈകളും വിശാലമായ ദുബൈ സൗത്ത് സൈറ്റിൽ രണ്ട് മില്യൺ തൈകൾ നട്ടുപിടിപ്പിച്ചതായും വിഡിയോയിൽ പറയുന്നു. അത്യന്താധുനിക സാങ്കേതിക വിദ്യയും കൃഷിരീതിയും ഇതിനായി ഉപയോഗപ്പെടുത്തിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. റോഡുകളും പൊതു പാർക്കുകളും ഒഴിഞ്ഞ സ്ഥലങ്ങളുമടക്കം എല്ലായിടങ്ങളിലും ഹരിതഭംഗി എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഹോർട്ടികൾചറൽ സെക്ടറിൽ സുസ്ഥിരത കൈവരിക്കാനും വായുവിെൻറ ഗുണം മെച്ചപ്പെടുത്താനും സമൂഹത്തിെൻറ മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കാനും ഇതിലൂടെ കഴിയും -അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിന് ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന മികച്ച അനുഭവമാക്കി മേളയെ മാറ്റിത്തീർക്കുന്നതിനാണ് പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്കായി പ്രധാന ജലസേചന ലൈനുകൾ 58 കിലോമീറ്ററും സബ് ലൈനുകൾ 234 കിലോമീറ്ററും മുനിസിപ്പാലിറ്റി നീട്ടിയിട്ടുണ്ട്. വെള്ളം സംഭരിക്കുന്നതിനായി മൂന്ന് പ്രധാന പമ്പിങ് സ്റ്റേഷനുകളും മൂന്ന് കോൺക്രീറ്റ് ടാങ്കുകളും സ്ഥാപിച്ചിട്ടുമുണ്ട്. എക്സിബിഷൻ സൈറ്റിന് ചുറ്റും ചെടികൾ ഏകദേശം 21 കിലോമീറ്റർ നീളത്തിലാണ് നട്ടുപിടിപ്പിച്ചത്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന എക്സ്പോക്ക് മുമ്പായി സൗന്ദര്യവത്കരണ ജോലികൾ പൂർണതയിലെത്തിയിട്ടുണ്ട്.
സ്കൂൾ കുട്ടികൾക്ക് സൗജന്യ ടിക്കറ്റ്
ദുബൈ: യു.എ.ഇയിലെ എല്ലാ സ്കൂൾ കുട്ടികൾക്കും എക്സ്പോ സൗജന്യമായി അനുഭവിക്കാൻ അവസരം. മേളയിലെ നാല് 'വിദ്യാഭ്യാസ യാത്ര'കളിൽ പങ്കെടുക്കാനാണ് അവസരമൊരുക്കിയിട്ടുള്ളത്. രാജ്യത്തെ മുഴുവൻ പൊതു-സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം തുറന്നിട്ടുണ്ട്.
എല്ലാ പ്രായത്തിലുമുള്ള വിദ്യാർഥികൾക്കും വിമർശനാത്മകമായി ചിന്തിക്കാനും ബുദ്ധിപരമായി വളരാനും പ്രചോദനം നൽകുന്നതിനായി രൂപകൽപന ചെയ്ത രസകരമായ പഠനാനുഭവമാണ് നാലു യാത്രകളും.
യു.എ.ഇയുടെ പൈതൃകം, അവസരങ്ങളുടെ ലോകം, സുസ്ഥിര ഗ്രഹം, ചലന പ്രപഞ്ചം എന്നിങ്ങനെയാണ് യാത്രകൾക്ക് പേര് നൽകിയിരിക്കുന്നത്. എക്സ്പോയുടെ മൂന്ന് തീമാറ്റിക് ഡിസ്ട്രിക്റ്റുകളിലും സഞ്ചരിക്കാനുള്ള അവസരം വിദ്യാർഥികൾക്ക് ലഭിക്കും.
പരിപാടികളെ കുറിച്ച് കൂടുതലറിയാൻ www.schools.expo2020dubai.com എന്ന വെബ്സൈറ്റിലോ schools@expo2020.ae എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.