എക്സ്പോ 2020 മഹാമേള ഇനി ഒരുമാസം കൂടി
text_fieldsദുബൈ: യു.എ.ഇയുടെ മഹാമേളയായ എക്സ്പോ 2020 ഇനി ഒരുമാസം കൂടി. അഞ്ചു മാസം പിന്നിടുമ്പോൾ ഒന്നര കോടി സന്ദർശകരുമായി ആഘോഷം പൊടിപൊടിക്കുകയാണ് എക്സ്പോയിൽ. 2021 ഒക്ടോബർ ഒന്നിനാണ് എക്സ്പോ തുടങ്ങിയത്. രണ്ടു കോടി സന്ദർശകർ എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചാണ് മഹാമേളക്ക് കൊടിയേറിയത്. മഹാമാരിക്കാലത്തും ഒന്നര കോടി സന്ദർശകർ എത്തിയ എക്സ്പോയിലേക്ക് അവസാന മാസം ജനങ്ങൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ ആളുകളെ എത്തിക്കുന്നതിന് ആവേശകരമായ പരിപാടികളും എക്സ്പോ ഒരുക്കുന്നുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് വേണ്ട എന്ന നല്ലവാർത്തയുമായാണ് എക്സ്പോ അവസാനമാസം സന്ദർശകരെ സ്വീകരിക്കുന്നത്.
വി.ഐ.പി സന്ദർശകർ
ഇതിനകം ഒരുപിടി വി.ഐ.പി സന്ദർശകർ എക്സ്പോയിലൂടെ മിന്നിമാഞ്ഞുകഴിഞ്ഞു. പാട്ടുപാടിയും നൃത്തം ചെയ്തും ട്രാക്കിലിറങ്ങിയും ക്ലാസെടുത്തും പരിശീലനം നൽകിയും ചാരിറ്റിയിലേർപെട്ടും അവർ എക്സ്പോയുടെ ഖ്യാതി ലോകത്തേക്ക് മുഴുവൻ വ്യാപിപ്പിച്ചു. ഉസൈൻ ബോൾട്ട്, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ദീപിക പദുക്കോൺ, സഞ്ജു സാംസൺ, മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള, ന്യൂസിലൻഡ് ക്രിക്കറ്റ് ടീം മുൻ നായകൻ സ്റ്റീഫൻ െഫ്ലമിങ്, ലബനീസ് നടി നദൈൻ ലബകി, അമേരിക്കൻ നടനും സംവിധാനയകനും തിരക്കഥാകൃത്തും നിർമാതാവുമായ ബ്രയാൻ ക്രാൻസ്റ്റൺ, ഈജിപ്ഷ്യൻ സൂപ്പർതാരം അമർ ദിയാബ്, പ്രശസ്ത നടി വനീസ കിർബി, ഇറാഖി താരം കാദിം അൽ സഹിർ, ആഴ്സനൽ കോച്ച് മൈക്കൽ ആർട്ടെറ്റ, ദക്ഷിണാഫ്രിക്കൻ നടിമാരായ നൊംസാമോ എംബാത്ത, സോസിബിനി ടുൻസി, ഇറ്റാലിയൻ താരം ആെന്ദ്ര ബൊസെല്ലി, സൗദി നടൻ ഖാലിസ് അൽഖലെദി, കുവൈത്ത് ഇൻഫ്ലുവൻസർ നോഹ നബീൽ തുടങ്ങിയരെല്ലാം എക്സ്പോയിലെത്തി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യു.കെ രാജകുമാരൻ വില്യം, മൊണാക്കോ രാജകുമാരൻ ആൽബർട്ട് രണ്ടാമൻ ഉൾപ്പെടെ നിരവധി രാഷ്ട്രനേതാക്കളും എക്സ്പോ സന്ദർശിച്ചു. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി. രാജീവ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ എക്സ്പോയിലെത്തി. ഇന്ന് മമ്മൂട്ടി, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നിവർ എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ എത്തും.
ആടിയും പാടിയും എക്സ്പോ
അഞ്ചു മാസമായി ദുബൈയുടെ ആഘോഷത്തിന്റെ കേന്ദ്രമാണ് എക്സ്പോ. ലോകപ്രശസ്തരായ എത്രയോ ഗായകരും നടീനടൻമാരുമാണ് എക്സ്പോയെ സമ്പന്നമാക്കിയത്. സമി യൂസുഫ്, എ.ആർ. റഹ്മാൻ, ശ്രേയ ഘോഷാൽ, ഹരിഹരൻ, ലബനീസ് ഗായകരായ നാൻസി അജ്റാം, റഗബ് അലാമ, പാകിസ്താൻ ഗായകൻ അലി സഫർ, ചൈനീസ് പിയാനിസ്റ്റ് ലാങ് ലാങ് തുടങ്ങിയവർ ശ്രദ്ധേയമായ ചില പേരുകൾ മാത്രമാണ്. ഇവർക്കൊപ്പം ജൂബിലി പാർക്കിലും അൽവാസൽ പ്ലാസയിലും മലയാളികളടക്കം നിറഞ്ഞാടി. പുതുവത്സരം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ എക്സ്പോ തകർത്താടുകയായിരുന്നു. എല്ലാ എമിറേറ്റുകളിൽ നിന്നും സൗജന്യ ബസുകൾ ഏർപ്പെടുത്തിയത് സന്ദർശകരുടെ എണ്ണം കൂടാൻ ഇടയാക്കി. ആദ്യ ദിവസങ്ങളിൽ ബസുകളിൽ ആളെണ്ണം കുറവായിരുന്നെങ്കിലും പിന്നീട് ബസുകൾ നിറഞ്ഞാണ് ഓടിയിരുന്നത്. കേരളത്തിന്റെ ടൂറിസം മേഖലയെ പരിചയപ്പെടുത്താനുള്ള കേരള വാരവും എക്സ്പോയിൽ നടന്നു. ഇതിന്റെ ഭാഗമായി വിവിധ കേരളീയ കലാരൂപങ്ങൾ അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.