എക്സ്പോ 2020: ഇന്ത്യൻ പവലിയൻ അടുത്തമാസം പൂർത്തിയാകും
text_fieldsദുബൈ: എക്സ്പോ 2020യിലെ ഇന്ത്യൻ പവലിയൻ ആഗസ്റ്റ് അവസാനത്തോടെ പൂർത്തിയാകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ കോമേഴ്സ് ആൻഡ് കമീഷണർ ജനറൽ അഡീഷനൽ സെക്രട്ടറി എസ്. കിഷോർ, ഇന്ത്യൻ അംബാസഡർ പവൻ കപൂർ, കോൺസുൽ ജനറൽ അമൻ പുരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. ഇതിനു ശേഷം പ്രതിനിധി സംഘം ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.
2019 ആഗസ്റ്റിൽ ആരംഭിച്ച ഇന്ത്യൻ പവലിയെൻറ നിർമാണം അവസാന ഘട്ടത്തിലാണ്. 8736 ചതുരശ്ര മീറ്ററിലുള്ള പവലിയെൻറ ഘടന പൂർത്തിയായി. ഇൻറീരിയർ ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാകും. രാജ്യത്തിെൻറ 75 വർഷത്തെ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കും ഇന്ത്യൻ പവിലിയൻ. നൂതന സാങ്കേതിക വിദ്യകൾക്കും ബിസിനസ് സാധ്യതകൾക്കും പവലിയൻ അവസരമൊരുക്കും. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ പ്രത്യേക പരിപാടികളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് റീം അൽ ഹാഷ്മി സംസാരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും എക്സ്പോയിലെ ഇന്ത്യൻ പങ്കാളിത്തമെന്നും പരമാവധി മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്നും എസ്. കിഷോർ പറഞ്ഞു.
എക്സ്പോയുടെ ചീഫ് ഇൻറർനാഷനൽ പാർട്ടിസിപ്പൻറ്സ് ഓഫിസർ ഒമർ ഷെഹാദയുമായി സംഘം കൂടിക്കാഴ്ച നടത്തി. പവലിയൻ നിർമാണത്തെ കുറിച്ച് വിശദമായ ചർച്ച നടത്തി. ഇന്ത്യൻ സംരംഭകരുടെ പ്രതിനിധികളുമായും ചർച്ച നടന്നു.
യാത്രാവിലക്ക് നീക്കേണ്ടത് അനിവാര്യം–അംബാസഡർ
ദുബൈ: എക്സ്പോ 2020 പടിവാതിക്കലെത്തി നിൽക്കെ ഇന്ത്യക്കാരുടെ യാത്രാവിലക്ക് നീക്കേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. വാക്സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി വേണം.
കോവിഡ് പരിശോധനക്കും വാക്സിനേഷനും യു.എ.ഇ സ്വീകരിച്ച നടപടികൾ അഭിനന്ദിച്ച അദ്ദേഹം, എക്സ്പോയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് സഹായിക്കുമെന്നും പറഞ്ഞു. ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്സിനുകൾക്ക് പരസ്പരം അനുമതി നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നു.
ഇന്ത്യയുടെ കോവിൻ ആപ്പും യു.എ.ഇയുടെ അൽ ഹുസ്ൻ ആപ്പും തമ്മിലുള്ള ഏകോപനത്തെ കുറിച്ചും ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.