എക്സ്പോ 2020 ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsദുബൈ: എക്സ്പോ 2020ലേക്ക് ഒരുപടികൂടി അടുത്ത് ടിക്കറ്റ് വിൽപന തുടങ്ങി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ടിക്കറ്റ് വിൽപന തുടങ്ങിയത്.
ഒറ്റത്തവണ പ്രവേശനത്തിന് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ആറു മാസത്തെ പാസിന് 495 ദിർഹമും ഒരുമാസത്തെ പാസിന് 195 ദിർഹമുമാണ് നിരക്ക്. വിവിധ ദിവസങ്ങളിൽ നടക്കുന്ന തത്സമയ വിനോദ പരിപാടികൾക്ക് പങ്കെടുക്കാൻ ആറുമാസത്തെ പാസെടുക്കുന്നതിലൂടെ സാധ്യമാകും.
എപ്പോഴും മേളയിലേക്ക് പ്രവേശിക്കാൻ ഈ പാസിലൂടെ സാധ്യമാകും. 18 വയസ്സിൽ താഴെ പ്രായമുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ, 60 വയസ്സ് പിന്നിട്ടവർ, ലോകത്തെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗീകൃത ഐഡൻറിറ്റി കാർഡുള്ള വിദ്യാർഥികൾ എന്നിവർക്ക് എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഒപ്പമെത്തുന്ന സഹായിക്ക് 50 ശതമാനം ടിക്കറ്റ് ഇളവുണ്ടാകും.
എക്സ്പോ വെബ്സൈറ്റായ expo2020dubai.com വഴി ടിക്കറ്റുകൾ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ 2500 അംഗീകൃത ടിക്കറ്റ് വിൽപന കേന്ദ്രങ്ങളിലും ലഭിക്കും.
ഓൺലൈൻ ട്രാവൽ ഏജൻറുമാർ, ടൂർ ഓപറേറ്റർമാർ, ഹോട്ടൽ ഗ്രൂപ്പുകൾ, വിമാനക്കമ്പനികൾ എന്നിവർക്കാണ് ടിക്കറ്റ് വിൽപനക്ക് അംഗീകാരം നൽകിയത്.
ടിക്കറ്റെടുത്ത് സ്റ്റാറാവാം
ആഗസ്റ്റ് 14ന് മുമ്പ് സീസൺ പാസോ ഫാമിലി പാക്കോ എടുക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്ക് സ്റ്റാർ ആകാനുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെപ്റ്റംബർ 30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ താരങ്ങൾക്കൊപ്പം പങ്കെടുക്കാൻ കഴിയും.
ആദ്യ 15 വിജയികളെ സെപ്റ്റംബർ ആദ്യവാരം പ്രഖ്യാപിക്കും. എക്സ്പോയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയായിരിക്കും പ്രഖ്യാപനം. ഇതിന് പിന്നാലെ വിജയികൾക്ക് വ്യക്തിപരമായി ഇൻവിറ്റേഷൻ അയക്കും. ലോകോത്തര നിലവാരത്തിലുള്ള ഉദ്ഘാടനച്ചടങ്ങാണ് എക്സ്പോ ഒരുക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ എ.ആർ. റഹ്മാൻ, സോനം കപൂർ അടക്കമുള്ളവർ എക്സ്പോയിലെത്തും. ദിവസവും 60 തത്സമയ പരിപാടികളുണ്ടാവും. രാത്രികൾ സജീവമാക്കാൻ സംഗീതക്കച്ചേരികൾ അടക്കം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.