സ്ത്രീശക്തിയുടെ നേർക്കാഴ്ചയാകാൻ എക്സ്പോ 2020
text_fieldsദുബൈ: ഒരുപേക്ഷ വനിതകൾ നേതൃത്വം നൽകുന്ന ആദ്യ എക്സ്പോയായിരിക്കും ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2020. മഹാമേളയുടെ ചുമതലയുള്ള റീം അൽ ഹാഷ്മി മുതൽ 50 ശതമാനത്തിനു മേലെയാണ് എക്സ്പോയിലെ വനിത സാന്നിധ്യം. ഇതിൽ 60 ശതമാനവും ഇമാറാത്തി വനിതകളായിരിക്കുമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇമാറാത്തി വനിത ദിനത്തിന് മുന്നോടിയായി യു.എസിലെ യു.എ.ഇ എംബസി സംഘടിപ്പിച്ച 'എക്സ്പോക്ക് പിന്നിലെ വനിതകൾ' എന്ന വെബിനാറിൽ എക്സ്പോ പൊളിറ്റിക്കൽ അഫയേഴ്സ് സീനിയർ വൈസ് പ്രസിഡൻറ് മഹ അൽ ഗർഗാവിയാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയാണ് എക്സ്പോയുടെ മാനേജിങ് ഡയറക്ടർ. അറബ് വനിതകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തച്ചുടക്കുന്നതായിരിക്കും എക്സ്പോ. അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമൊരുക്കുന്നുണ്ട് ഇത്തവണത്തെ മഹാമേള. അറബ് സ്ത്രീകളുടെ കഴിവുകൾ എന്താണെന്ന് തെളിയിക്കാനും സ്ത്രീ ശാക്തീകരണത്തിൽ യു.എ.ഇയുടെ പ്രതിബദ്ധത എന്താണ് അറിയിക്കാനും എക്സ്പോ ഉപകരിക്കുമെന്ന് എക്സ്പോ പാർട്ടിസിപ്പൻറ് മാനേജ്മെൻറ് വൈസ് പ്രസിഡൻറ് ഹിന്ദ് അലോവൈസ് പറഞ്ഞു. ശൈഖ് സായിദ് മുതലുള്ളവർ യു.എ.ഇയുടെ വളർച്ചയിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്ന് വിശ്വസിച്ചിരുന്നു. രാഷ്ട്ര നിർമാണത്തിൽ സുപ്രധാന പങ്കു വഹിച്ച സ്ത്രീകൾക്ക് ആദരം അർപ്പിക്കാതെ ഈ എക്സ്പോ നടത്തുന്നത് നമുക്ക് സങ്കൽപിക്കാനാവില്ല. അസമത്വ പ്രശ്നം ചർച്ച ചെയ്യാൻ ഏറ്റവും ഉചിതമായ വേദിയാണ് എക്സ്േപാ. അസമത്വം പൂർണമായി പരിഹരിക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എക്സ്പോയിൽ വനിതകൾക്ക് മാത്രമായി 'വിമൻസ് പവലിയൻ' സ്ഥാപിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ഉയർത്തിക്കാണിക്കുന്നതിന് 1500ൽ കൂടുതൽ പരിപാടികൾ ഇവിടെ അരങ്ങേറും. 'സ്ത്രീകളുടെ അഭിവൃദ്ധി മാനവികതയെ പുഷ്ടിപ്പെടുത്തും' എന്ന പേരിൽ വലിയ പ്രദർശനം ഉണ്ടാകും. അറബ് വനിതകളുടെ പങ്കാളിത്തം, സുസ്ഥിരത, ഇസ്ലാം, കായിക ലോകം തുടങ്ങിയവ ചർച്ച ചെയ്യുന്നതിന് വിമൻസ് മജ്ലിസും നടക്കും. കായിക ലോകത്ത് ഉൾപ്പെടെ സ്ത്രീ പങ്കാളിത്തം ഉറപ്പിക്കുന്നതിനു മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഫോറം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.