എക്സ്പോ 2020 : യു.എ.ഇ പവലിയൻ നിർമാണ കരാർ അറബ്ടെകിന്
text_fieldsഅബൂദബി: എക്സ്പോ 2020 പ്രദർശനത്തിലെ യു.എ.ഇ പവലിയൻ നിർമിക്കുന്നതിനുള്ള കരാർ അറബ് ടെക് ഹോൾഡിങ്സിന്. ലോകപ്രശസ്ത സ്പാനിഷ് വാസ്തുശിൽപി സാൻറിയാഗോ കലാവട്രയാണ് പവലിയൻ രൂപകൽപന ചെയ്യുക. നിർമാണ കരാറിന് ഒമ്പത് വൻകിട കമ്പനികളാണ് ശ്രമിച്ചിരുന്നത്. രൂപകൽപനക്ക് 11ലോകപ്രശസ്ത സ്ഥാപനങ്ങൾ ആശയങ്ങൾ സമർപ്പിച്ചിരുന്നു. മനസുകളെ ഒരുമിപ്പിക്കാൻ, ഭാവി തയ്യാറാക്കാൻ എന്ന എക്സ്പോ പ്രമേയത്തെ രാജ്യത്തിെൻറ പൈതൃകവും ഭാവിയും കോർത്തിണക്കി പ്രതിഫലിപ്പിക്കുന്ന ഡിസൈൻ ആണ് സംഘാടകർ നിർദേശിച്ചിരുന്നതെന്ന് ഇതിെൻറ ചുമതല വഹിക്കുന്ന നാഷനൽ മീഡിയാ കൗൺസിൽ വ്യക്തമാക്കി.
ഫാൽക്കൻ ചിറകുകളും വിമാനവും സംയോജിപ്പിച്ച ഡിസൈൻ ആണ് സാൻറിയാഗോ കലാവട്ര തയ്യാറാക്കിയത്. തുറന്ന നിലപാട്, സഹിഷ്ണുതത്വം, സമ്പർക്ക മനസ് തുടങ്ങിയ യു.എ.ഇ മൂല്യങ്ങൾ വിളിച്ചോതുന്നതാവും രാജ്യത്തിെൻറ പവലിയൻ. അൽ വസൽ പ്ലാസക്ക് അഭിമുഖമായാണ് ഇതുയരുക. 19,200 ചതുരശ്ര മീറ്ററിൽ തീർക്കുന്ന പവലിയെൻറ നിർമാണം ഇൗ മാസം ആരംഭിക്കും. ലൂവർ അബൂദബിയും അന്താരാഷ്ട്ര വിമാനത്താവള വികസനം ഉൾപ്പെടെ രാജ്യത്തെ പല വികസന പദ്ധതികളും നിർവഹിച്ച സ്ഥാപനമാണ് അറബ് ടെക്. 1991 ലെ പ്ലോവ്ഡിവ് എക്സ്പോയിലെ പങ്കാളിത്തം മുതൽ നാഷനൽ മീഡിയാ കൗൺസിലാണ് യു.എ.ഇ പവലിയനുകളുടെ നിർമാണ നിർവഹണ ഉത്തരവാദിത്വം നടത്തിപ്പോരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.