എക്സ്പോ: ആർ.ടി.എ സേവനം ഉപയോഗിച്ചത് 3.7 കോടി യാത്രികർ
text_fieldsദുബൈ: എക്സ്പോയുടെ സമയത്ത് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത് 3.7 കോടി യാത്രക്കാർ. ലോകമേള ആരംഭിച്ച ഒക്ടോബർ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള കണക്കാണിത്.
ദുബൈ മെട്രോ, ബസ്, ടാക്സി, പ്രത്യേക സർവിസുകൾ തുടങ്ങിയ സേവനങ്ങൾ വഴിയാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. എക്സ്പോ യാത്രികരുടെ 67 ശതമാനം വരുമിത്. 11.038 ദശലക്ഷം പേർ ആർ.ടി.എയുടെ പാർക്കിങ് ഉപയോഗിച്ചതായും കണക്കുകൾ വെളിപ്പെടുത്തുന്നു.
മെട്രോ, പബ്ലിക് ബസ്, ടാക്സി, ഇ-ഹെയ്ൽ റൈഡ് (കരീം, ഉബർ) എന്നിവ മാത്രം ഉപയോഗിച്ചത് 26.3 ദശലക്ഷം ആളുകളാണ്. എക്സ്പോ സന്ദർശകരിൽ 37 ശതമാനവും ഉപയോഗിച്ചത് ഈ സൗകര്യങ്ങളാണ്. ദുബൈ മെട്രോ വഴി 8.203 ദശലക്ഷം പേർ യാത്ര ചെയ്തു. ഈ കാലയളവിൽ മെട്രോ പിന്നിട്ടത് 5.717 ദശലക്ഷം കിലോമീറ്ററാണ്.
എക്സ്പോ റൈഡർ എന്ന പേരിൽ ഇറക്കിയ സൗജന്യ ബസ് സർവിസ് വഴി 15.525 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. 7.357 ദശലക്ഷം കിലോമീറ്ററാണ് ഈ ബസുകൾ സഞ്ചരിച്ചത്. എല്ലാ എമിറേറ്റിൽ നിന്നും സർവിസ് ഉണ്ടായിരുന്നു.
188 ബസുകളാണ് ഇതിനായി ഏർപ്പെടുത്തിയത്. പാർക്കിങ് സ്ഥലത്തുനിന്ന് എക്സ്പോ ഗേറ്റുകളിലേക്കും ഈ ബസുകൾ സർവിസ് നടത്തി. ഇതിനായി 121 ബസുകളുണ്ടായിരുന്നു. ടാക്സി, ഇ-ഹെയ്ൽ സർവിസ് എന്നിവ വഴി 2.584 ദശലക്ഷം പേരാണ് സഞ്ചരിച്ചത്. ദിവസവും ശരാശരി 4666 ടാക്സികൾ സർവിസ് നടത്തി. എക്സ്പോ സൈറ്റുകളുടെ വിവിധ ഭാഗങ്ങളിലായി 29,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിരുന്നു. സ്മാർട്ട് സൗകര്യം വഴിയായിരുന്നു പാർക്കിങ്ങിന്‍റെ പ്രവർത്തനം. കാൾ സെന്‍ററുകളും ഒരുക്കിയിരുന്നു. 30,000ൽ അധികം കാളുകളാണ് സെന്‍ററുകളിൽ എത്തിയത്. 1512 കാമറകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.
എക്സ്പോ നഗരിയിലെത്താൻ ഒമ്പതു ഫ്ലൈ ഓവറുകൾ ഉൾപ്പെട്ട പാതയാണ് ഒരുക്കിയത്. ബസുകൾക്കായി 18 സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും നിർമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.