സുസ്ഥിര കൃഷിരീതികൾ പരിചയപ്പെടുത്തി എക്സ്പോ സിറ്റി ഫാം
text_fieldsദുബൈ: കോപ് 28 വേദിയായ എക്സ്പോ സിറ്റിയിൽ സുസ്ഥിര കൃഷിരീതികൾ പരിചയപ്പെടുത്തുന്ന ഫാം തുറന്നു. പൂർണമായും ജൈവരീതികൾ ഉപയോഗിച്ച് നിർമിച്ച തോട്ടത്തിൽ ധാരാളം പച്ചക്കറികളും ധാന്യങ്ങളും അടക്കമുള്ളവ നട്ടുപിടിപ്പിച്ചിട്ടുണ്ട്. സ്വയംപര്യാപ്തതയുടെ പാഠങ്ങൾ പകർന്നുകൊടുക്കാനും കാലാവസ്ഥ വ്യതിയാനത്തെ തടയുന്നതിന് സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഫാം നിർമിച്ചത്.
എക്സ്പോ സിറ്റിയെ ഭാവിയിൽ ജൈവകൃഷിയിലൂടെ പൂർണമായി സ്വയംപര്യാപ്തരാക്കുക എന്നതാണ് ഫാമിന്റെ ദീർഘകാല ലക്ഷ്യമെന്നും ഇപ്പോൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രചോദനമാകുന്നതിനാണ് സംവിധാനിച്ചിട്ടുള്ളതെന്നും സംഘാടകർ പറഞ്ഞു.
ഓട്സ്, ബാർലി തുടങ്ങിയവയും ചികിത്സ ആവശ്യത്തിന് ഉപയോഗിക്കുന്ന ചെടികളും ഭക്ഷ്യ കൂണുകളും ഇവിടെ വളർത്തിയിട്ടുണ്ട്. മണ്ണിൽ ഈർപ്പം നിലനിർത്താനും കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന കരി പോലുള്ള പദാർഥമാണ് ഫാമിൽ ഉപയോഗിക്കുന്നത്. വളരെ കുറച്ച് സ്ഥലവും വെള്ളവും മാത്രം ആവശ്യമുള്ള ഇൻഡോർ ഹൈഡ്രോപോണിക് കൃഷിരീതിയും ഇവിടെ ഉപയോഗിക്കുന്നുണ്ട്. വായുവിൽനിന്ന് വെള്ളം ഉൽപാദിപ്പിക്കുന്ന സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നുണ്ട്. ഫാമിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകളെ ബോധവത്കരിക്കുന്നതിന് സഹായിക്കുന്ന വിവിധ വർക്ക് ഷോപ്പുകളും പാചക ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്.
അതിനിടെ, കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെയും കാലാവസ്ഥ പരിസ്ഥിതി വ്യതിയാന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) യു.എ.ഇ ഫുഡ് ഇന്നൊവേഷൻ ഹബ് ആരംഭിച്ചു. സുസ്ഥിര ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമായി ‘ഫാം-ടു-ഫോർക്ക്’ ആശയത്തിന് കീഴിൽ ലോക സാമ്പത്തിക ഫോറം ലോകമെമ്പാടും ആരംഭിച്ച സംരംഭത്തിന്റെ ആറാമത്തെ കേന്ദ്രമായാണിത് ദുബൈയിൽ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.