പുത്തൻ ആകർഷണമായി എക്സ്പോ സിറ്റി മാൾ ഒരുങ്ങുന്നു
text_fieldsദുബൈ: നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കുംവേണ്ടി പുതുതായി ഒരു മാൾ കൂടി ഒരുങ്ങുന്നു. 385,000 ചതുരശ്ര അടി വിസ്തീർണമുള്ള എക്സ്പോ സിറ്റി മാളാണ് അടുത്ത വർഷത്തോടെ സന്ദർശകരെ സ്വീകരിക്കാൻ പദ്ധതിയിടുന്നത്.
190ലധികം റീട്ടെയിൽ ഔട്ട്ലറ്റുകളും ആയിരത്തിലധികം പാർക്കിങ് സ്ഥലങ്ങളും മാളിലുണ്ടാകും. സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എക്സ്പോ റോഡ്, ജബൽ അലി റോഡ്, ദുബൈ മെട്രോ എന്നിവയിലൂടെ പുതിയ ഷോപ്പിങ് സെന്ററിലേക്ക് എത്തിച്ചേരാൻ സംവിധാനമുണ്ടാകും.
ദുബൈ മാളുകളുടെ നിർമാതാക്കളായ ഇമാർ ഗ്രൂപ്പാണ് എക്സ്പോ സിറ്റി മാളിന്റെ ഒരുക്കങ്ങളും നിർവഹിക്കുന്നത്. എക്സ്പോ സിറ്റി മാൾ അടുത്ത വർഷം ആദ്യം സന്ദർശകർക്കായി തുറക്കുമെന്ന് ഇമാർ ഗ്രൂപ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇത് ഇമാറിന്റെ മറ്റു ഷോപ്പിങ് മാളുകളായ ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ എന്നിവയേക്കാൾ ചെറുതായിരിക്കുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തുറന്ന എക്സ്പോ സിറ്റി നിലവിൽതന്നെ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഫറൻസുകളും പരിപാടികളും നഗരിയിൽ അടുത്ത വർഷങ്ങളിൽ നടക്കുകയും ചെയ്യും.
എക്സ്പോ 2020 ദുബൈ മേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി തുറന്നത്. എക്സ്പോയുടെ നെടുംതൂണായ അൽവസ്ൽ ഡോമും ജൂബിലി പാർക്കുമെല്ലാം നിലനിർത്തിയിട്ടുണ്ട്. ഇവിടെ ലോകകപ്പ് ഫുട്ബാളിന്റെ ഫാൻ സോൺ ഒരുക്കിയിരുന്നു. നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റെടുക്കേണ്ടതില്ല. ഭാവിയിൽ എക്സ്പോ സിറ്റിയിലെത്തുന്നവർക്ക് പുതിയ മാൾ പ്രധാന ആകർഷണവും ഷോപ്പിങ് ഡെസ്റ്റിനേഷനുമായിരിക്കും. സിറ്റിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കുമായി നിരവധി പുതിയ പരിപാടികളും അധികൃതർ സംഘടിപ്പിച്ചുവരുന്നുണ്ട്. റമദാനിലെ ‘ഹയ് റമദാൻ’ ഇതിന്റെ ഭാഗമാണ്.
എക്സ്പോ സിറ്റിക്ക് സമീപത്തായി വിപുലമായ താമസപ്രദേശങ്ങളും രൂപപ്പെടുന്നുണ്ട്. ഇവിടെ താമസിക്കുന്നവർക്കും മാൾ ആശ്രയിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.