എക്സ്പോ സിറ്റി ഇന്നുമുതൽ തുറക്കും
text_fieldsദുബൈ: കണ്ടുതീരാത്ത എക്സ്പോ 2020 ദുബൈയുടെ കാഴ്ചകളിലേക്ക് വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്ക് പ്രവേശനം ലഭിക്കും.എക്സ്പോ സിറ്റി ദുബൈയുടെ സുപ്രധാന പവലിയനുകളായ മൊബിലിറ്റി (അലിഫ്)യിലും സസ്റ്റയ്നബിലിറ്റി(ടെറ)യിലും നഗരത്തിന്‍റെ സമ്പൂർണകാഴ്ച സമ്മാനിക്കുന്ന നിരീക്ഷണഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ'യിലുമാണ് പ്രവേശനം സാധ്യമാകുക.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച് ഈ വർഷം മാർച്ച് വരെ നീണ്ട ആറുമാസത്തെ എക്സ്പോ അനുഭവങ്ങൾ ഒരിക്കൽകൂടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
എക്സ്പോ സിറ്റി ദുബൈ സമ്പൂർണമായി ഒക്ടോബർ ഒന്നുമുതൽ തുറക്കുന്നതിന് മുന്നോടിയായാണ് ഭാഗികമായി പ്രവർത്തനമാരംഭിക്കുന്നത്.വിശ്വമേളക്കുവേണ്ടി ഒരുക്കിയ സംവിധാനങ്ങളുടെ 80 ശതമാനവും നിലനിർത്തിയാണ് എക്സ്പോ സിറ്റി സന്ദർശകർക്കായി വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്.
പവലിയനുകളിലേക്ക് പ്രവേശനത്തിന് ടിക്കറ്റിന് ഒരാൾക്ക് 50 ദിർഹമാണ് നിരക്ക്.വെബ്സൈറ്റിലും എക്സ്പോ സിറ്റിയിലെ നാല് ബോക്‌സ് ഓഫിസുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
12ൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇവിടങ്ങളിൽ സൗജന്യമാണ്.സന്ദർശകരെ എക്സ്പോ സിറ്റിയുടെ മുഴുവൻ കാഴ്ചകളും കാണിക്കുന്ന കറങ്ങുന്ന നിരീക്ഷണഗോപുരമായ 'ഗാർഡൻ ഇൻ ദ സ്കൈ' പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്. അഞ്ചു വയസ്സിൽ കുറഞ്ഞ കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമാണ് ഇവിടെ സൗജന്യം.
എന്നാൽ, നഗരിയിലേക്ക് പ്രവേശനത്തിന് ടിക്കറ്റുണ്ടായിരിക്കില്ല.പവലിയനുകൾ രാവിലെ 10 മുതൽ ആറുവരെയും നിരീക്ഷണഗോപുരം വൈകീട്ട് മൂന്നു മുതൽ ആറുവരെയുമാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.