റമദാനിൽ വിപുലമായ പരിപാടികളുമായി എക്സ്പോ സിറ്റി
text_fieldsദുബൈ: വ്രതവിശുദ്ധിയുടെ റമദാൻ മാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടികളൊരുക്കി ദുബൈ എക്സ്പോ സിറ്റി. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ ചടങ്ങുകൾ ‘ഹയ്യ് റമാദാൻ’ എന്നതലക്കെട്ടിൽ മാർച്ച് മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് നടത്തപ്പെടുക. റമദാൻ മാർച്ച് 22ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റമദാനിനെ അനുഭവവേദ്യമാകുന്ന ആകർഷകമായ അന്തരീക്ഷവും രുചികരമായ ഭക്ഷണങ്ങളും ആവേശകരമായ പ്രവർത്തനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കുന്നത്. കാമ്പയിൻ കാലത്ത് എക്സ്പോ സിറ്റിയിൽ സൗജന്യ പ്രവേശനം അനുവദിക്കുകയും ചെയ്യും.
എക്സ്പോ 2020 ദുബൈ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങളെ ഒരുമിച്ചു കൊണ്ടുവന്നതു പോലെ വിശുദ്ധ മാസത്തിൽ വ്യത്യസ്ത സമൂഹങ്ങളെ ഒരുമിപ്പിക്കുന്നതായിരിക്കും റമദാൻ പരിപാടികളെന്ന് എക്സ്പോ സിറ്റി എക്സിക്യൂട്ടിവ് ക്രിയേറ്റിവ് ഡയറക്ടർ അംന അബുൽഹൂൽ പറഞ്ഞു. സന്ദർശകർക്ക് ലോകത്തെ ഏറ്റവും പ്രശസ്തമായ ചില റമദാൻ പാരമ്പര്യങ്ങൾ ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് അനുഭവിക്കാൻ കഴിയുമെന്നും അവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
കാമ്പയിൻ കാലയളവിൽ അൽ വസ്ൽ പ്ലാസയിലെ പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കും സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. പെർഫ്യൂമുകളും സമ്മാനങ്ങളും തുന്നിയ വസ്ത്രങ്ങളും ലഭിക്കുന്ന നൈറ്റ് മാർക്കറ്റും പ്രവർത്തിക്കും. 50 ദിവസത്തിലേറെ നടക്കുന്ന പരിപാടിയുടെ സമയത്ത് തന്നെയാണ് ചെറിയ പെരുന്നാളും കടന്നുവരുക.
റമദാനിന് പതിനഞ്ച് ദിവസം നടക്കുന്ന ‘ഹഖ് അൽലൈല’ ചടങ്ങിനോട് അനുബന്ധിച്ചാണ് കാമ്പയിൻ തുടങ്ങുന്നത്. കുട്ടികൾ നല്ല വസ്ത്രങ്ങളണിഞ്ഞ് വീടുകൾ സന്ദർശിക്കുകയും മധുരം നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന ദിവസമാണിത്.
എക്സ്പോ സിറ്റിയിലെ മസ്ജിദിൽ വിശുദ്ധ മാസത്തിലെ പ്രത്യേക തറാവീഹ്, തഹജ്ജുദ് പ്രാർഥനകളും നടത്തും. തറാവീഹ് നമസ്കാരങ്ങൾക്കുശേഷം സാഹസികത, സംസ്കാരം, മതം, ധാർമികത എന്നിവ ഉൾച്ചേർന്ന കഥകളുടെ അതരണവും മറ്റു പരിപാടികളും അരങ്ങേറും. റമദാന് മുമ്പ് വൈകുന്നേരം 4 മുതൽ രാത്രി 10വരെയും വ്രതമാസത്തിൽ വൈകുന്നേരം 5 മുതൽ പുലർച്ചെ 2 വരെയുമാണ് പരിപാടികൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.