എക്സ്പോ: ദുബൈയുടെ വളർച്ച ഉയർന്ന നിരക്കിൽ
text_fieldsദുബൈ: വിശ്വമേളക്ക് ആഥിത്യമരുളിയതിലൂടെ ദുബൈയുടെ സാമ്പത്തിക മേഖലക്ക് ഉണർവ്. നഗരത്തിെൻറ സാമ്പത്തിക വളർച്ച ഒക്ടോബറിൽ രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
എക്സ്പോയുടെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ ടൂറിസം പ്രവർത്തനങ്ങളും ആരംഭിച്ചത് ഗുണകരമായി. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഏറ്റവും വലിയ വളർച്ച നിരക്കാണ് വിവിധ മേഖലകളിൽ ദൃശ്യമായിരിക്കുന്നത്.
വരുന്ന മാസങ്ങളിൽ കൂടുതൽ മുന്നേറ്റം സാമ്പത്തിക മേഖലയിൽ എക്സ്പോ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് അതിവേഗത്തിലുള്ള കുതിച്ചുചാട്ടത്തിനാണ് വിശ്വമേള ദുബൈയെ സഹായിച്ചിരിക്കുന്നത്.
തൊഴിൽ സാധ്യതകൾ വർധിക്കുകയും വിവിധ കമ്പനികൾ പുതിയ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിന് ശ്രമങ്ങളാരംഭിക്കുകയും ചെയ്തതും പഠനങ്ങളിൽ വ്യക്തമാണ്.
ടൂറിസം മേഖലയിലാണ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. വിദേശങ്ങളിൽ നിന്ന് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന അടയാളപ്പെടുത്തിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിനോദ പരിപാടികളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകളെത്തി. നിർമാണ, ഗതാഗത, ചെറുകിട, മൊത്ത വിൽപന മേഖലകളിലും സമാന്തരമായ ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്.
എണ്ണയിതര സാമ്പത്തിക മേഖലയിലുണ്ടായ വളർച്ച രാജ്യത്തെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതാണ് കാണുന്നതെന്ന് വിദഗ്ധർ പറയുന്നു.
എക്സ്പോയോടൊപ്പം ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ്, ഗ്ലോബൽ വില്ലേജ്, ഐൻ ദുബൈ അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഒക്ടോബറിൽ ഒരുമിച്ച് വിരുന്നെത്തിയത് വളർച്ചക്ക് ആക്കംകൂട്ടി.
നവംബറിലും ഡിസംബറിലും സമാന രീതിയിലുള്ള വളർച്ച തന്നെയാണ് ഈ മേഖലകളിലുള്ളവർ പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.