എക്സ്പോ ചെറിയ കളിയല്ല
text_fieldsസകല മേഖലയെയും എക്സ്പോയുമായി ബന്ധപ്പെടുത്തുക എന്നതാണ് സംഘാടകരുടെ ലക്ഷ്യം. കല, സാംസ്കാരികം, വാണിജ്യം, കായികം, സിനിമ, നയതന്ത്രം, ചരിത്രം തുടങ്ങി എല്ലാ മേഖലക്കും എക്സ്പോയിൽ പ്രാതിനിധ്യമുണ്ടായിരിക്കും. സാധാരണ എക്സ്പോകളിൽ നിന്ന് വ്യത്യസ്തമായി കായിക മേഖലക്ക് വൻ പരിഗണനയാണ് ദുബൈയിലെ മഹാമേള നൽകുന്നത്. അതുകൊണ്ടാണ് എക്സ്പോയുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറായി ലയണൽ മെസിയെ ആദ്യം തന്നെ പ്രഖ്യാപിച്ചത്.
ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസും എക്സ്പോയും തമ്മിൽ നേരത്തെ തന്നെ കരാർ ഒപ്പുവെച്ചിരുന്നു. എന്നാൽ, യാദൃശ്ചികമായി ഐ.പി.എലും യു.എ.ഇയിലേക്ക് മാറ്റിയതോടെ രാജസ്ഥാനും എക്സ്പോയും തമ്മിലെ കരാറിന് ബമ്പറടിച്ചിരിക്കുകയാണ്. ഒക്ടോബർ 15ന് നടക്കുന്ന ഫൈനലിൽ കിരീടം കൂടി നേടാനായാൽ എക്സ്പോ വേദിയിലും ആഘോഷം പൊടിപൊടിക്കും.
ഐ.പി.എൽ അവസാനിച്ചാലും ഇരുവരും തമ്മിലെ കരാർ ഡിസംബർ 31 വരെ തുടരും. എക്സ്പോയുെട കീഴിൽ പ്രദർശന ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാനും രാജസ്ഥാന് പദ്ധതിയുണ്ട്. ഇതിെൻറ സാധ്യതകൾ അന്വേഷിക്കണമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ്ബോർഡിനെ രാജസ്ഥാൻ അറിയിച്ചിട്ടുമുണ്ട്. എക്സ്പോയുടെ പ്രൊമോഷനായി സഞ്ജു സാംസൺ ഉൾപെടെയുള്ള രാജസ്ഥാൻ താരങ്ങൾ രംഗത്തിറങ്ങിയിരുന്നു.
ഐ.പി.എൽ അവസാനിച്ചാലും ഇത് തുടരും. പരസ്പരം പ്രൊമോഷൻ എന്ന രീതിയിലാണ് ഇരുവരും കരാർ ഒപ്പുവെച്ചിരിക്കുന്നത്. എക്സ്പോയുടെ ആവേശം ക്രിക്കറ്റ് ലോകത്തിലെത്തിക്കുന്ന കടമ്പ രാജസ്ഥാൻ ഏറ്റെടുക്കുേമ്പാൾ ഐ.പി.എല്ലിെൻറ പ്രൗഢി ലോകത്തിന് മുന്നിലെത്തിക്കാൻ എക്സ്പോയും സഹായിക്കുന്നു. രാജസ്ഥാൻ ടീമിന് ദുബൈയിൽ കായിക അക്കാദമിയുണ്ട്.
കളിച്ചു തിമിർക്കാം
5400 ചതുരശ്ര മീറ്റർ സ്ഥലമാണ് കായിക പ്രേമികൾക്കായി എക്സ്പോയിൽ ഒഴിച്ചിട്ടിരിക്കുന്നത്. വോളിബാൾ, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, ടെന്നിസ്, നെറ്റ്ബാൾ തുടങ്ങിയവക്കെല്ലാം ഇവിടെ സൗകര്യമുണ്ട്. ബിഗ് ബാഷ് ക്രിക്കറ്റ് നെറ്റ്സ്, ഇൻഡോർ ഫിറ്റ്നസ് സ്റ്റുഡിയോ, വലിയ എൽ.ഇ.ഡി സ്ക്രീനുകൾ, ഫിറ്റ്നസ് സ്റ്റേജ്, കായിക പ്രദർശന വേദികൾ, സ്പോർട്സ് സെലിബ്രിറ്റികളുടെ കൈയൊപ്പുകൾ എന്നിവയെല്ലാം കായിക പ്രേമികളുടെ പ്രിയ ഇടമായി എക്സ്പോയെ മാറ്റും. ഇതെല്ലാം സൗജന്യമായിരിക്കും. വെബ്സൈറ്റു വഴിയും എക്സ്പോ വേദിയിലും കളിക്കളങ്ങൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.
ദുബൈ സ്പോർടസ് കൗൺസിലിെൻറ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കും എക്സ്പോ വേദിയൊരുക്കും. നവംബർ ഒമ്പതിന് എക്സ്പോ റൺ നടക്കും. 5000ഓളം പേർ പങ്കെടുക്കും. 10, 5, 3 കിലോമീറ്ററുകളിലായിരിക്കും എക്സ്പോ റൺ. ലോകപ്രശസ്ത ബാസ്കറ്റ്ബാൾ ടീം ഹാർലെം േഗ്ലാബെട്രോട്ടേഴ്സും ലോഞ്ചിങിൽ പങ്കെടുക്കും.
രാജസ്ഥാൻ റോയൽസിന് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ലീഗ് ടീം എ.സി മിലാൻ എന്നീ ടീമുകളും ഔദ്യോഗിക പങ്കാളികളാണ്. ഈ ടീമുകളുടെ താരങ്ങളും മഹാമേളക്കെത്തും.
വിവിധ രാജ്യങ്ങൾ തങ്ങളുടെ പവലിയനുകളുടെ പ്രതിനിധികളായി കായിക താരങ്ങളെയും ഇറക്കും. ക്രൊയേഷ്യയുടെ പ്രതിനിധിയായി ഫുട്ബാൾ താരം ലൂക മോഡ്രിച്ചും മുൻ ലോക വിംബിൾഡൺ ചാമ്പ്യൻ ഗൊരാൻ ഇവാനിസെവിച്ചും എത്തും. നൈജീരിയയെ പ്രതിനിധീകരിച്ച് ബോക്സർ അന്തോണി ജോഷ്വായാണ് വരുന്നത്. ബ്രിട്ടീഷ് പൗരനായ ജോഷ്വയുടെ മാതാപിതാക്കൾ നൈജീരിയക്കാരാണ്.
താരങ്ങളെ കാണാനുള്ള അവസരം സന്ദർശകർക്കുമുണ്ടാകും. ഇതിന് പുറമെ, പ്രദർശന മത്സരങ്ങളും കായിക പരിപാടികളും ഉണ്ടാകും. ആസ്ട്രേലിയയുടെയും ന്യൂസിലൻഡിെൻറയും നേതൃത്വത്തിൽ നൂറോളം കായിക പരിപാടികൾ സംഘടിപ്പിക്കും. അഞ്ച് മുതൽ 14 വരെ വയസുള്ളവർക്കായി ഇറ്റലി ശിൽപശാലകൾ നടത്തും. ദേശീയ ഒളിമ്പിക് ഫെഡറേഷെൻറ നേതൃത്വത്തിലായിരിക്കും ശിൽപശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.