എക്സ്പോ: 'ടെറ' പവലിയനിലേക്ക് കുട്ടികൾക്ക് സ്വാഗതം
text_fieldsദുബൈ: വസന്തകാല അവധി ആഘോഷിക്കുന്ന കുട്ടികളെ എക്സ്പോ നഗരിയിലെ സസ്റ്റൈനിബിലിറ്റി പവലിയനായ 'ടെറ'യിലേക്ക് സ്വാഗതം ചെയ്ത് അധികൃതർ. വിനോദവും വിജ്ഞാനവും വിസ്മയവും സമന്വയിപ്പിക്കുന്ന പവലിയൻ ജനുവരി മുതൽ സന്ദർശകർക്കായി തുറന്നിരുന്നു. പവലിയനിലെ കാഴ്ചകൾ ആസ്വദിച്ച ശേഷം വൈകുന്നേരം ഇവിടെ വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള അവസരമുണ്ട്. കുട്ടികൾക്ക് കളിസ്ഥലം, വിനോദ കേന്ദ്രങ്ങൾ എന്നിവയുണ്ട്. എക്സ്പോയുടെ ഔദ്യോഗിക ചിഹ്നം സന്ദർശിക്കാനും അവസരമുണ്ട്.
ഇതുവരെ 50,000ഓളം പേർ 'ടെറ' പവലിയൻ സന്ദർശിച്ചു. എക്സ്പോയുടെ ഏറ്റവും മികച്ച ആകർഷണങ്ങളിലൊന്നാണിത്. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒരുമിച്ച് സന്ദർശിക്കാൻ കഴിയും. ചൊവ്വ മുതൽ വ്യാഴം വരെ വൈകുന്നരം മൂന്ന് മുതൽ രാത്രി ഒമ്പത് വരെയും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെയുമാണ് സന്ദർശന സമയം. ഏപ്രിൽ പത്ത് വരെയാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്.
ടെറ പവലിയനുമായി ബന്ധപ്പെട്ട് എക്സ്പോ കഴിഞ്ഞ ദിവസം സർവേ നടത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കാൻ കഴിയുന്ന അനുഭവമാണ് ഇവിടെ നിന്നുണ്ടായതെന്നാണ് 96 ശതമാനം സന്ദർശകരും അഭിപ്രായപ്പെട്ടത്. മാലിന്യ നിർമാർജനം, ജലസംരക്ഷണം, സസ്യങ്ങളുടെ സംരക്ഷണം, പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ എന്നിവയെല്ലാം സർവേയിൽ വന്നിരുന്നു. ഇതിനാവശ്യമായ ബോധവത്കരണം ലഭിക്കുന്ന രീതിയിലുള്ള സംവിധാനമാണ് ടെറ പവലിയനിൽ ഒരുക്കിയരിക്കുന്നത്.
ഭൂമിയെ സുരക്ഷിതമാക്കുന്നതിെൻറ ആവശ്യകതയും അതിനായുള്ള മാർഗങ്ങളും ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. വനം, സമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭവവും ഇവിടെ നിന്ന് ലഭിക്കും. www.expo2020dubai.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വേണം സന്ദർശിക്കാൻ. അഞ്ച് വയസിൽ താഴെയുള്ളവർക്കും 60 വയസിന് മുകളിലുള്ളവർക്കും ടിക്കറ്റ് ആവശ്യമില്ല. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ഇവർക്കൊപ്പമുള്ള ഒരു സഹായിക്കും പ്രവേശനം സൗജന്യം. മറ്റുള്ളവർക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.