പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്ക് എക്സ്പോ സിറ്റിയുടെ ഫണ്ട്
text_fieldsദുബൈ: കാലാവസ്ഥാ പ്രതിസന്ധിയും ആഗോളതാപനവും ചെറുക്കുന്നതിന് ശക്തമായ പരിഹാരങ്ങൾ സമർപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വൻ സഹായധനം പ്രഖ്യാപിച്ച് എക്സ്പോ സിറ്റി ദുബൈ. എക്സ്പോ ലൈവ് എന്ന പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുത്ത കമ്പനികൾക്ക് 50,000 ഡോളർ (ഏകദേശം 1.83ലക്ഷം ദിർഹം) ഫണ്ട് അനുവദിക്കുക. വനനശീകരണവും ഹരിതഗൃഹ വാതകങ്ങളും കുറക്കുന്നതും കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. ഈ വർഷം നവംബറിൽ എക്സ്പോ സിറ്റി ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി(കോപ്28)യിൽ തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രദർശനത്തിന് സൗകര്യവും ലഭിക്കും. എക്സ്പോ ലൈവിന് ഒരുക്കിയ സിറ്റിയിലെ പ്രത്യേക പവലിയനിലായിരിക്കും പ്രദർശനം.
എക്സ്പോ ലൈവ് ഇന്നൊവേഷൻ പ്രോഗ്രാമിന് ഇതിനകം ലോകമെമ്പാടുനിന്നും 430 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് ഇത്തവണ ശ്രദ്ധനൽകുകയെന്നും രാജ്യം സുസ്ഥിരത വർഷം ആചരിക്കുന്നതിനാലും കോപ്28 ഉച്ചകോടിക്ക് ആതിഥ്യമരളുന്നതിനാലുമാണ് ഇത്തരമൊരു തീരുമാനമെന്നും എക്സ്പോ ലൈവ് ഇന്നൊവേഷൻ പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ യൂസുഫ് കാരിയസ് പറഞ്ഞു.
ഫണ്ട് ലഭിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് രജിസ്റ്റർ ചെയ്ത കമ്പനി ഉണ്ടായിരിക്കണം. നിലവിൽ പ്രവർത്തനക്ഷമമായതോ നടപ്പിലാക്കാൻ തയാറായതോ ആയ പദ്ധതിയായിരിക്കണം സമർപ്പിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കി. എന്തെല്ലാം ഗുണപരമായ മാറ്റങ്ങളാണ് പരിസ്ഥിതിക്ക് പദ്ധതി സൃഷ്ടിക്കുകയെന്നും വിശദീകരിക്കണം.
എത്രപേർക്ക് ഫണ്ട് നൽകുമെന്നത് സംബന്ധിച്ച് കൃത്യമായ എണ്ണം പറഞ്ഞിട്ടില്ല. എന്നാൽ, മികച്ച സ്റ്റാർട്ടപ്പുകളെയെല്ലാം പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത സംരംഭകരെ പെരുന്നാൾ അവധിക്കു ശേഷം എക്സ്പോ സിറ്റി ദുബൈയിൽ 15 മിനിറ്റ് അവതരണം നടത്താൻ ക്ഷണിക്കും. പിന്നീട് രണ്ടാഴ്ചക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.