അസിമിെൻറ കന്തൂറയിലുണ്ട് എക്സ്പോ 'പാസ്പോർട്ട്'
text_fieldsദുബൈ: എക്സ്പോ പാസ്പോർട്ടിൽ പവലിയനുകളിലെ സ്റ്റാമ്പ് പതിപ്പിക്കുന്നത് ദുബൈയിൽ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, പാകിസ്താൻ സ്വദേശി മുഹമ്മദ് അസിം ദുറാനി ഇതിൽനിന്നെല്ലാം വ്യത്യസ്തനാണ്. തെൻറ കന്തൂറയിലാണ് ഈ 39കാരൻ സ്റ്റാമ്പുകൾ പതിപ്പിച്ചിരിക്കുന്നത്.
എക്സ്പോയിലെ വളൻറിയർകൂടിയായ അസിം ഇതിനകം എല്ലാ പവലിയനും സന്ദർശിച്ചു കഴിഞ്ഞു. 2009 മുതൽ ദുബൈ കസ്റ്റംസിൽ ഡ്രൈവറാണ്.
എട്ട് മാസം പ്രായമുള്ള മകെൻറ കുഞ്ഞുകന്തൂറയിലും അഞ്ചു വയസ്സുള്ള മകളുടെ ടീഷർട്ടിലുമെല്ലാം എക്സ്പോ സ്റ്റാമ്പുകൾ പതിഞ്ഞിട്ടുണ്ട്. എക്സ്പോയിലെത്തുന്ന എല്ലാവർക്കും സ്റ്റാമ്പ് പതിപ്പിച്ചുകൊടുക്കുന്ന തനിക്ക് എന്തുകൊണ്ട് സ്വന്തമായി സ്റ്റാമ്പ് പതിപ്പിച്ചുകൂട എന്ന ചിന്തയിൽനിന്നാണ് ഈ ആശയം ഉടലെടുത്തതെന്ന് അസിം പറയുന്നു. വ്യത്യസ്തമായ രീതിയിൽ സ്റ്റാമ്പ് പതിപ്പിക്കണമെന്നുണ്ടായിരുന്നു. യു.എ.ഇ പവലിയനിൽനിന്ന് ടീഷർട്ടിലാണ് ആദ്യമായി പതിപ്പിച്ചത്. പിന്നീട് മക്കളുടെ കന്തൂറയും ടീഷർട്ടും ഇതിനായി ഉപയോഗിച്ചു. എക്സ്പോയുടെ വലിയ ഫാനായ മകൾക്ക് സ്പെഷ്യൽ സമ്മാനം നൽകാനാണ് അവളുടെ ടീഷർട്ടിൽ പതിപ്പിച്ചത്. പിന്നീടാണ് സ്വന്തം കന്തൂറയിലേക്ക് കടന്നത്. സ്റ്റാമ്പ് പതിപ്പിച്ച കന്തൂറയുമിട്ട് എക്സ്പോയിലെത്തിയപ്പോൾ കാഴ്ചക്കാർക്ക് ആശ്ചര്യമായിരുന്നു. എവിടെ നിന്നാണ് വാങ്ങിയതെന്നാണ് കൂടുതൽ പേരും ചോദിച്ചത്. ഒരു സ്ത്രീ 3000 ദിർഹം വരെ നൽകാമെന്ന് പറഞ്ഞെങ്കിലും കന്തൂറ നൽകിയില്ല. ഷാളിലും സ്റ്റാമ്പ് പതിപ്പിച്ചിട്ടുണ്ട്. ഇത് തെൻറ മേലുദ്യോഗസ്ഥനായ ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലിന് നൽകാനാണ് പദ്ധതി. ബാക്കിയുള്ളവ നിധി പോലെ സൂക്ഷിക്കുമെന്നും അസിം പറയുന്നു.
എക്സ്പോയിലെത്തുന്നവർ സാധാരണ 20 ദിർഹം നൽകി പാസ്പോർട്ട് വാങ്ങിയ ശേഷം സ്റ്റാമ്പ് പതിപ്പിക്കുകയാണ് പതിവ്. ഇതുവരെ ഏഴ് ലക്ഷത്തോളം പാസ്പോർട്ടുകളാണ് വിറ്റുപോയത്. എല്ലാ പവലിയനുകളിലും സ്റ്റാമ്പ് ചെയ്ത് നൽകുന്നുണ്ട്. എക്സ്പോയുടെ ഓർമകൾ കാത്തുസൂക്ഷിക്കാനുള്ള ഓർമക്കുറിപ്പുകൂടിയാണ് ഈ പാസ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.