ലോകോത്തര മോഡൽ ഐക്യരാഷ്ട്രസഭക്ക് വേദിയാകാൻ എക്സ്പോ
text_fieldsദുബൈ: ലോകത്ത് പലരാജ്യങ്ങളിലും മോഡൽ പാർലമെൻറുകളും മോഡൽ ഐക്യരാഷ്ട്ര സഭയും വർഷാവർഷങ്ങളിൽ അരങ്ങേറുന്നുണ്ട്. യുവമനസ്സുകൾക്ക് പരിശീലനവും ആനന്ദവും പകരുന്ന വൈജ്ഞാനിക കളരികളാണിത്തരം പരിപാടികൾ.
എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ലോകോത്തര മോഡൽ ഐക്യരാഷ്ട്രസഭക്ക് വേദിയാകാനിരിക്കയാണ് എക്സ്പോ 2020 ദുബൈ.
ലോകമേളയിൽ ആദ്യമായാണ് ഇത്തരമൊരു പരിപാടി സജ്ജീകരിക്കുന്നത്. മൂന്നു ദിവസം നീളുന്ന പരിപാടിയിൽ 120രാജ്യങ്ങളിൽ നിന്ന് 200 ഭാവി ലോകനേതാക്കളാകാൻ കെൽപുള്ള വിദ്യാർഥികൾ ഇതിൽ പങ്കാളികളാകും. എക്സ്പോ മോഡൽ യുനൈറ്റഡ് നാഷൻസ് എന്ന് പേരിട്ടിട്ടുള്ള പരിപാടിയിൽ ഇമാറാത്തി പൗരന്മാരായ വിദ്യാർഥികളും സജീവമായി പങ്കെടുക്കും. യു.എന്നിൽ നടക്കുന്ന സംവാദങ്ങളുടെയും നയതന്ത്ര ഇടപെടലുകളുടെയും മോഡൽ പ്രവർത്തനം വിദ്യാർഥികൾ പരിപാടിയിൽ അവതരിപ്പിക്കും. മിഡിൽ സ്കൂൾ മുതൽ യൂനിവേഴ്സിറ്റി തലത്തിൽ വരെയുള്ള 13മുതൽ 21വയസ്സു വരെയുള്ളവരാണ് പങ്കെടുക്കുക.
ലോകത്തെ പ്രധാന വിഷയങ്ങളെ കുറിച്ച് പ്രതിനിധികൾ സംവദിക്കുകയും വിവിധ വിഷയങ്ങളിൽ ദേശീയ നിലപാടുകൾ സംരക്ഷിക്കുന്നതിന് ഗവേഷണം, ലോബിയിങ്, ചർച്ചകൾ എന്നിവയിലൂടെ സഹകരണത്തിന് ശ്രമിക്കുകയും ചെയ്യും. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസദിനത്തിലാണ് മോഡൽ സഭ സമാപിക്കുക.
ലോക നേതാക്കളോടൊപ്പം ഇടപെടാനുള്ള അവസരവും മികച്ച അംഗങ്ങൾക്ക് അവാർഡ് വിതരണവും സമാപനത്തോടനുബന്ധിച്ച് നടക്കും. യു.എൻ രൂപവത്കരിക്കപ്പെട്ട 1945ൽ തന്നെ മോഡൽ സഭ എന്ന കാഴ്ചപ്പാട് രൂപപ്പെട്ടിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലായി എല്ലാവർഷവും ഇത് നടത്തപ്പെടാറുമുണ്ട്. യു.എ.ഇയിലെ വിവിധ സ്കൂളുകൾ വർഷാവർഷങ്ങളിൽ വിദ്യാർഥികൾക്കായി സഭ സംഘടിപ്പിക്കുന്നു. ലോകത്താകമാനം പതിനായിരം മോഡൽ ഐക്യരാഷ്ട്രസഭ ക്ലബുകളിലായി ഒരുലക്ഷത്തിലേറെ വിദ്യാർഥികൾ അംഗങ്ങളായിട്ടുണ്ട്.
എക്സ്പോ ഡിജിറ്റൽ സംവിധാനം വരുംകാലത്തേക്ക് മാതൃക
ദുബൈ: എക്സ്പോ 2020ദുബൈ സംഘടിപ്പിക്കപ്പെടുന്നത് ലോകത്ത് നിലവിലുള്ളതിൽ ഏറ്റവും മികച്ച ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചാണ്. ഭാവിയിൽ നടക്കാനിരിക്കുന്ന ലോകോത്തര ഇവൻറുകൾക്കെല്ലാം മാതൃകയാകുന്ന തരത്തിലുള്ള നൂതന സാങ്കേതികവിദ്യയാണ് മേളയുടെ വിവിധ തലങ്ങളിൽ ഒരുങ്ങുന്നത്. എക്സ്പോയുടെ വെബ്സൈറ്റും ആപ്പും സന്ദർശകർക്ക് പൂർണമായ വിവരങ്ങൾ ലഭിക്കാനും യാത്ര ആസൂത്രണം ചെയ്യാനും സഹായകമാകുന്ന രീതിയിലാണ് രൂപപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ് പരിപാടിക്കായി ഒരുക്കിയതെന്ന് എക്സ്പോയുടെ ഡിജിറ്റൽ പാർട്ണർമാരിൽ ഒരാളായ ആക്സെൻച്വർ മിഡിൽ ഈസ്റ്റ് എം.ഡി അലക്സിസ് ലെകാനെറ്റ് പറഞ്ഞു. മേളക്കായി ഒരുക്കിയ സൗകര്യങ്ങൾ എമിറേറ്റിെൻറ ഭാവി ടൂറിസം മേഖലക്കും വളരെയധികം സഹായിക്കും. കോവിഡ് മഹാമാരി അൽപമെങ്കിലും നിയന്ത്രണവിധേയമായ ശേഷം ലോകത്ത് നടക്കുന്ന ആദ്യ മെഗാ പരിപാടിയെന്ന നിലയിൽ ആരോഗ്യ സുരക്ഷക്കും മറ്റും മേളയിൽ സജ്ജീകരിച്ച സൗകര്യങ്ങൾ ഭാവിയിലെ ഇവൻറുകൾ മാതൃകയാക്കുമെന്നാണ് ഡിജിറ്റൽ രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.