എക്സ്പോ: വായുവിൽ നിന്ന് വെള്ളമുണ്ടാക്കാം
text_fieldsദുബൈ: നിരവധി പുതു സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന എക്സ്പോ നഗരിയിൽ ശ്രദ്ധേയമാകുകയാണ് ഇന്ത്യൻ പവലിയെൻറ പ്രദർശനം. വായുവിൽനിന്ന് വെള്ളം ഉൽപാദിപ്പിക്കുന്ന മെഷീനാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പവലിയനിലെത്തുന്ന സന്ദർശകർക്ക് ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന വെള്ളം നൽകുന്നുമുണ്ട്. എയർ-ഒ-വാട്ടർ എന്ന കമ്പനിയാണ് തങ്ങൾക്ക് പേറ്റൻറുള്ള നൂതന സംവിധാനം പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ പവലിയനിലെ ഇന്നവേഷൻ ഹബിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
വായുവിൽനിന്ന് വെള്ളം ഉൽപാദിപ്പിക്കുന്ന സംവിധാനം സന്ദർശകർക്ക് ഇവിടെ വിശദീകരിച്ചുകൊടുക്കുന്നുണ്ട്. വിലകുറഞ്ഞതും കുറഞ്ഞ ഊർജ ഉപഭോഗമുള്ളതും പരിസ്ഥിതിസൗഹൃദപരവുമായ സുസ്ഥിര സംവിധാനമാണിതെന്ന് പ്രദർശകർ അവകാശപ്പെടുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സന്ദർശകരിൽനിന്ന് മികച്ച പ്രതികരണമാണ് മെഷീനെ കുറിച്ച് ലഭിക്കുന്നതെന്നും എല്ലാവരും പ്രതീക്ഷയോടെയാണ് സംസാരിക്കുന്നതെന്നും കമ്പനി സി.ഇ.ഒ രാഹുൽ മാതുർ പറഞ്ഞു. 'വാട്ടർ ടു വേൾഡ്' എന്ന കാപ്ഷനിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ത്യൻ നിർമിത ഉൽപന്നമെന്നനിലയിൽ ലോകത്ത് ഭാവിയിൽ വ്യാപകമാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. മെഷീനിൽ ഉൽപാദിപ്പിക്കുന്ന വെള്ളം പൂർണമായും ശുദ്ധവും ആരോഗ്യപ്രദമാണെന്നും കമ്പനി സെയിൽസ് വിഭാഗം തലവൻ പലക് ഷാ വ്യക്തമാക്കി. 2011ൽ ഉൽപാദനം ആരംഭിച്ച മെഷീൻ വിവിധ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഏറ്റവും മികച്ച രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായുവിലെ ഈർപ്പത്തിൽനിന്ന് ജലം സൃഷ്ടിക്കുന്ന ഈർപ്പം, താപനില എന്നിവ അടിസ്ഥാനമാക്കിയുള്ള യന്ത്രമാണ് എയർ-ഒ-വാട്ടർ മുന്നോട്ടുവെക്കുന്നത്.
ഒരേസമയം വെള്ളം ഉണ്ടാക്കുകയും പുറത്തെ വായു ഫിൽട്ടർ ചെയ്യുകയും ചെയ്യുന്ന രണ്ട് പ്രക്രിയകൾ മെഷീനിൽ നടക്കുന്നുണ്ട്. മികച്ച പ്രകടനത്തിന് അന്തരീക്ഷത്തിൽ 60-70 ശതമാനം ഈർപ്പം ആവശ്യമാണ്. എയർ കണ്ടീഷനിൽ ഇത് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കും. കഴിഞ്ഞ വർഷങ്ങളിൽ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും മെഷീൻ സ്ഥാപിച്ചുകഴിഞ്ഞതായി കമ്പനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.