കാണേണ്ടതാണ് ഈ വൈവിധ്യക്കാഴ്ചകൾ
text_fields'വരുംകാലം രൂപപ്പെടുത്താൻ നമുക്കെല്ലാം അധികാരമുണ്ട്. ഒരു പുതിയ ലോകത്തിെൻറ നിർമാണത്തിൽ നമുക്ക് ഒന്നിച്ചു ചേരാം' എന്ന ആഹ്വാനവുമായി തുടക്കംകുറിച്ച എക്സ്പോയിലെ അനുഭവം തീർത്തും അവിസ്മരണീയമായിരുന്നു. 192 രാജ്യങ്ങളുടെ പവലിയനുകളും വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞതാണ്. എല്ലാം ഒന്നോ രണ്ടോ സന്ദർശനങ്ങളിൽ കണ്ടുതീർക്കാനാവില്ല. ആദ്യ ദിനങ്ങളിൽ സന്ദർശിക്കാൻ അവസരം ലഭിച്ച എനിക്ക് മേളയുടെ ആതിഥേയ രാജ്യമായ യു.എ.ഇയുടെ പവലിയനും വലുപ്പത്തിൽ മികച്ചു നിൽക്കുന്ന സൗദി പവലിയനും ശ്രദ്ധേയമായി അനുഭവപ്പെട്ടു. ഭൂമിയിൽനിന്ന് തുറന്ന്, ആകാശത്തേക്ക് ചെരിഞ്ഞ്, വിരിഞ്ഞ് കുതിക്കാൻ നിൽക്കുന്ന രൂപത്തിലുള്ള പവലിയെൻറ രൂപകൽപന സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
സന്ദർശകർക്ക് സൗദി അറേബ്യയുടെ വികസന മാറ്റങ്ങളെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇവിടെനിന്ന് സാധിക്കും. ഒരു വെർച്വൽ ടൂറിലൂടെ സൗദിയിലെ അഞ്ച് തരം ആവാസവ്യവസ്ഥകളെ പരിചയപ്പെടാനുള്ള അസുലഭ അവസരമാണ് ഒരുക്കിയിരിക്കുന്നത്. കാലത്തിെൻറ കുത്തൊഴുക്കിൽ നശിക്കാത്ത തീരദേശം, വന്യമായി പരന്നുകിടക്കുന്ന മരുഭൂമി, പർവതനിരകൾ അടങ്ങിയ ഭൂപ്രദേശം, മറ്റു ജൈവവൈവിധ്യങ്ങളും ആസ്വദിക്കാൻ സൗദി പവലിയനിലൂടെ കഴിയും.
മറ്റേവരെയും പോലെ എനിക്കും വളരെ ആകർഷണീയമായി തോന്നിയ പവലിയനാണിത്. മേളയിലെത്തുന്നവർ കാണേണ്ട അനുഭവങ്ങളിലൊന്ന്. എക്സ്പോയിലെ വലിയ പവലിയനുകളിലൊന്നായ നാലു നിലകളിൽ 11 സോണുകളായി തിരിച്ചുള്ള, ഇന്ത്യൻ പവലിയനും വ്യത്യസ്തവും ശ്രദ്ധേയവുമാണ്. ഇവിടെ പ്രവേശനകവാടത്തിൽ യോഗയുടെ വിവിധ രൂപങ്ങളും കലാസൃഷ്ടികളുമായാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ബഹിരാകാശ ശാസ്ത്രം, റോബോട്ടിക്സ്, വിദ്യാഭ്യാസം, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം, ക്രിപ്റ്റോ കറൻസി തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റം ലോകത്തിന് മുന്നിൽ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ 75 വർഷങ്ങളും യു.എ.ഇയുടെ സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട നിരവധി ഷോകളും ഇന്ത്യാ പവലിയെൻറ തിളക്കംകൂട്ടുന്നു. ഇന്ത്യ പവലിയനിൽ പ്രവാസികളുടെ പങ്കാളിത്തം നല്ലനിലയിൽ പ്രകടമാണ്.
വൈകുന്നേരങ്ങളിലെ അൽ വസ്ൽ പ്ലാസയിലെ പ്രത്യേക ലൈറ്റ് ആൻഡ് സൗണ്ട് ഷോയും മനോഹരമാണ്. ദുബൈ എന്ന ഈ സ്വപ്നനഗരത്തിന് ഉത്സവാന്തരീക്ഷം പകർന്ന് ആറു മാസക്കാലം എക്സ്പോ തുടരുന്നത് തീർച്ചയായും ആഹ്ലാദം പകരുന്നതാണ്. ലോകത്തെ വ്യത്യസ്ത ഭാഗങ്ങളിലെ കാഴ്ചകൾ ഒരു കാമ്പസിൽനിന്ന് അറിയാൻ കഴിയുകയാണിവിടെ.
ജീവിതത്തിൽ പലർക്കും ഒരിക്കൽ മാത്രം ലഭിക്കുന്ന കാഴ്ചാനുഭവമായിരിക്കും ഇത്. മറക്കാനാവാത്ത നിമിഷങ്ങളെ ജീവതത്തിലേക്ക് ചേർക്കാൻ സാധിച്ച നിത്യഹരിത അനുഭവമാണ് എക്സ്പോ എനിക്ക് പകർന്നത്.
മുഹമ്മദ് നവാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.