കാഴ്ചകളുടെ മഹോത്സവം തീര്‍ത്ത് എക്സ്പോഷര്‍
text_fieldsഷാര്‍ജ മീഡിയ ബ്യൂറോ അവതരിപ്പിച്ച എക്സ്പോഷര്‍ എന്ന കാഴ്ചകളുടെ മഹോത്സവം പകര്‍ന്നത് സന്തോഷവും നടുക്കവും സൃഷ്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ കൊണ്ട് മനം മയക്കുന്ന കഥകള്‍ മെനയുക എന്നതായിരുന്നു എക്സ്പോഷറിെൻറ ശീര്‍ഷകം. നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.
ലോകമാകെ ചിതറിക്കിടക്കുന്ന അഭയാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചകള്‍, യുദ്ധമുഖത്തെ ഭീകരത, പ്രകൃതി നേരിടുന്ന പ്രശ്നങ്ങള്‍, പ്രകൃതിവിഭവങ്ങള്‍, മൃഗങ്ങള്‍ നേരിടുന്ന വിപത്തുകള്‍ തുടങ്ങിയവയുടെ നേര്‍ക്കാഴ്ചകളായിരുന്നു പ്രദര്‍ശനം പകര്‍ന്നത്. നട്ടുച്ച തിളക്കുന്ന പാതകളില്‍ പാദരക്ഷകളില്ലാതെ നടക്കുന്ന ബാല്യവും അവരുടെ കണ്ണുകളില്‍ നിഴലിക്കുന്ന വിലാപങ്ങളും പരശ്ശതം ചോദ്യങ്ങളുമായി കാഴ്ചകളിലേക്ക് കടന്നു വന്ന് നാളെകളെ ഞങ്ങള്‍ സ്വപ്നം കാണേണ്ടതുണ്ടോയെന്ന് അലമുറയിടുകയായിരുന്നു.
ചലനങ്ങളോ വാക്കുകളോയില്ലാതെ ഫോട്ടോഗ്രഫിക്ക് മാത്രം കഴിയുന്ന അപൂര്‍വതയാണിത്. പ്രകൃതിയുടെ ഋതുപരിണാമങ്ങള്‍ നേരിട്ട് കാണുന്ന പ്രതീതി സൃഷ്ടിക്കുന്ന ക്ലിക്കുകള്‍. കൊമ്പിനായി ആനകളെ വേട്ടയാടുന്ന കോഗോയിലെ മനുഷ്യര്‍, അഭയാര്‍ഥി ക്യാമ്പുകളിലെ ദുരിതങ്ങള്‍ തോരാത്ത മിഴികള്‍, ഐസ്ലൻഡിലെ മഞ്ഞ് പാകിയ പച്ചിലച്ചാര്ത്തിലൂടെയുള്ള വെള്ളച്ചാട്ടം, ജപ്പാനിലെ മുളങ്കാടുകളിലെ കുയില്‍നാദം, പാകിസ്താനിലെ റെയില്‍ പാതയിലൂടെ പുഞ്ചിരിച്ച് നീങ്ങുന്ന ബാലന്, തമിഴ്നാട്ടിലെ കടലോരത്ത് ചെറിയ മീനുകള്‍ക്കിടയില്‍ ജോലി ചെയ്യുന്ന സ്ത്രീ, കൊടുംവനത്തിലെ കരിയില കൂട്ടത്തില്‍ ഇണയെ കാത്തിരിക്കുന്ന ചിമ്പാന്‍സി, കാക്കക്കാലിെൻറ തണലില്ലാത്ത മരുഭൂമിയിലൂടെ നീങ്ങുന്ന ഒട്ടകങ്ങള്‍, മണ്ണും കാറ്റും ചേര്‍ന്ന് മരുഭൂമിയില്‍ എഴുതുന്ന കവിതകള്‍, കായിക കുതിപ്പിെൻറ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി കാഴ്ചകളെ ത്രസിപ്പിക്കുന്ന ഫോട്ടോകളായിരുന്നു ഇവിടെ നിരന്നതിലധികവും.
ബ്രൻറ് സ്റ്റിര്ടന്, ൈക്ലവ് ആരോസ്മിത്, ക്രിസ്റ്റിനാ മിറ്റര്മിയര്, ഡേവിഡ് ആൻറണി ഹാള്‍, എറിക് ജോണ്സണ്, ഫാബിര്‍ ഓഫ്നര്‍, ഗ്രഹാം പിങ്ക്, ജോഡി കോബ്, കാത്തി മോറന്, കെല്ലി ലീഡ്, ലോറന്‍സ് ആഗിയസ്, മാര്‍കസ് ബ്ലസ്ഡേല്, മുഹമ്മദ് മുഹൈസിന്, വിനീത് വോറ തുടങ്ങിയ ലോകപ്രശസ്തരായ 31 ഫോട്ടോഗ്രാഫര്‍മാര്‍ തങ്ങളുടെ ശ്രദ്ധേയമായ ചിത്രങ്ങളുമായി പങ്കെടുത്തു. 15 ശിൽപശാലകളും 25 സെമിനാറുകളും നടന്നു. ഫോട്ടോഗ്രഫിയുടെ ആധുനിക സങ്കേതങ്ങള്‍ പുതുതലമുറക്ക് പറഞ്ഞുകൊടുക്കാനെത്തിയതും മേൽപറഞ്ഞ പ്രമുഖരായിരുന്നു.
ഫോട്ടോഗ്രഫിയില്‍ താൽപര്യമുള്ളവര്ക്കായി നിരവധി ലോക പ്രശസ്ത മോഡലുകളെയും അണിനിരത്തിയിരുന്നു. കാമറ ബാഗില്‍നിന്നെടുത്ത് അത് ക്ലിക്ക് ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍ ശില്പശാലകള് വിശദീകരിച്ചു. ഫോട്ടോ എടുത്തതിന് ശേഷം അതില്‍ വരുന്ന വെളിച്ചത്തിെൻറ ഇറക്കവും കയറ്റവും നിഴലുകളും എങ്ങനെ സംഭവിക്കുന്നുവെന്നും അതെങ്ങനെ ഒഴിവാക്കാമെന്നും പ്രമുഖര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശദീകരിച്ചു.
മേളയുടെ മുന്നോടിയായി നടന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിച്ചവരുടെ ചിത്രങ്ങളും ഗാലറികളില്‍ ഇടം പിടിച്ചു.
മംഗോളിയന്‍ കസാക്കുകളുടെ മുന്നില്‍ സഞ്ചരിച്ച് കഴുകന്മാരെ വേട്ടയാടുന്ന മനുഷ്യരുടെ വിസ്മയ ക്ലിക്കുകള്‍ പകര്‍ന്ന് ഇന്ത്യന്‍ വംശജനായ ആസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ പളനിമോഹന്, യു.എ.ഇയിലെ ശ്രദ്ധേയനായ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ അശോക് വര്‍മ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോങ് എക്സ്പോഷര്‍ ഫോട്ടോഗ്രഫിയില്‍ വിസ്മയങ്ങള്‍ പകരുന്ന സജിന്‍ ശശിധരന് തുടങ്ങി, യുദ്ധമുഖങ്ങളിലും അഭയാര്‍ഥി ക്യാമ്പുകളിലും കൊടും വനങ്ങളിലും കാമറയുമായി ഊരുചുറ്റുന്നവര്‍ പകര്‍ന്ന കാഴ്ചകളുടെ പൂരമാണ് നാലുദിവസം നീണ്ടുനിൽക്കുന്ന എക്സ്പോഷര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.