ഹത്തയിലേക്ക് ദുബൈയിൽനിന്ന് എക്സ്പ്രസ് ബസ്
text_fieldsദുബൈ: വിനോദസഞ്ചാര മേഖലയായി വികസിച്ച ഹത്തയിലേക്ക് ദുബൈയിൽനിന്ന് എക്സ്പ്രസ് ബസ് സർവിസുകൾ ഏർപ്പെടുത്തി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). നഗരത്തിൽനിന്ന് യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിന് ഹത്തയിലേക്ക് പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. മലയോര പ്രദേശമായ ഹത്തയിലെ വിനോദസഞ്ചാര സ്ഥലങ്ങൾ ചുറ്റിക്കാണുന്നതിന് പ്രാദേശിക ടൂറിസ്റ്റ് ബസ് സർവിസും ആരംഭിച്ചിട്ടുണ്ട്. റൂട്ട് എച്ച്02 എന്ന ഹത്തയിലേക്കുള്ള എക്സ്പ്രസ് ബസുകൾ ദുബൈ മാൾ ബസ് സ്റ്റേഷനിൽനിന്നാണ് യാത്ര ആരംഭിക്കുക. രണ്ടു മണിക്കൂർ ഇടവിട്ടുള്ള ബസുകൾ ഹത്ത ബസ് സ്റ്റേഷൻ വരെയാണ് പോവുക. ഡീലക്സ് കോച്ചിലെ യാത്രക്ക് ഒരാൾക്ക് 25ദിർഹമാണ് നിരക്കെന്ന് ആർ.ടി.എ പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ആദിൽ ശക്രി പറഞ്ഞു.
മനോഹരമായ പ്രകൃതിഭംഗിയും തണുത്ത അന്തരീക്ഷ താപനിലയും പാരിസ്ഥിതിക, സാംസ്കാരിക സവിശേഷതകളും കാരണം ദുബൈയിലെ മറ്റു ഭാഗങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഹത്ത പ്രദേശം. ഇവിടത്തെ കാഴ്ചകൾ കാണാൻ ഉപകരിക്കുന്നതാണ് എച്ച്-04 എന്ന റൂട്ടിലെ ടൂറിസ്റ്റ് സർവിസ്. ഹത്തക്ക് അകത്തു മാത്രം സഞ്ചരിക്കുന്ന ഈ ബസ്, ഹത്ത ബസ് സ്റ്റേഷനിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ്. മേഖലയിലെ പ്രധാന സ്ഥലങ്ങളായ ഹത്ത വാദി ഹബ്ബ്, ഹിൽ പാർക്ക്, അണക്കെട്ട്, ഹെറിറ്റേജ് വില്ലേജ് എന്നിവയിലൂടെ സഞ്ചരിക്കും. ഒരു ബസ് സ്റ്റോപ്പിലേക്ക് ഒരാൾക്ക് രണ്ടു ദിർഹമാണ് നിരക്ക്. അരമണിക്കൂർ ഇടവിട്ടാണ് സർവിസുണ്ടാവുക.
പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ടൂറിസ്റ്റുകൾക്ക്, പ്രത്യേകിച്ച് ശൈത്യകാലത്ത് ധാരാളമായെത്തുന്നവർക്ക്, ആവശ്യമായ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ടാണ് സർവിസുകൾ ആരംഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ‘ലോകത്തെ ഏറ്റവും മനോഹര തണുപ്പുകാലം’ എന്ന തലക്കെട്ടിൽ യു.എ.ഇ നടപ്പാക്കുന്ന ശൈത്യകാല കാമ്പയിനിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ഹത്ത. ബസ് സർവിസുകളെ മെട്രോയുമായും ട്രാമുമായും ബന്ധിപ്പിച്ച് സംയോജിത പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് ദുബൈ ആർ.ടി.എ നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.