നീട്ടിനൽകിയ വിസ കാലാവധി അവസാനിച്ചു; ഇനിമുതൽ പിഴ
text_fieldsദുബൈ: താമസ വിസക്കാർക്ക് യു.എ.ഇ നീട്ടിനൽകിയ സൗജന്യ കാലാവധി അവസാനിച്ചു. മാർച്ച് ഒന്നിനും ജൂലൈ 12നും ഇടക്ക് കാലാവധി കഴിഞ്ഞ താമസ വിസക്കാർക്ക് ഒക്ടോബർ 10 വരെയായിരുന്നു കാലാവധി നീട്ടിനൽകിയിരുന്നത്.ഇത് അവസാനിച്ചതോടെ ഇനിയും വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവർക്ക് പിഴ അടക്കേണ്ടിവരും. വിസിറ്റിങ് വിസക്കാരുടെ സൗജന്യ കാലാവധി കഴിഞ്ഞമാസം അവസാനിച്ചിരുന്നു. ശേഷവും രാജ്യത്ത് തങ്ങിയവരിൽനിന്ന് 10 ദിവസത്തിനു ശേഷമാണ് പിഴ ഈടാക്കിത്തുടങ്ങിയത്. താമസ വിസക്കാർക്ക് ഇത്തരം ഇളവ് ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ജൂലൈ 12ന് ശേഷം വിസ കാലാവധി അവസാനിച്ചവരിൽനിന്ന് നേരത്തേ തന്നെ പിഴ ഈടാക്കിത്തുടങ്ങിയിരുന്നു. ഇവർക്ക് ഒരു മാസമാണ് ഗ്രേസ് പീരിയഡ് നൽകിയിരുന്നത്. ഈ തീയതിയും കഴിഞ്ഞ് വിസ പുതുക്കാതെ രാജ്യത്ത് തുടരുന്നവരിൽനിന്നാണ് പിഴ ഈടാക്കുന്നത്. വിസ തീയതി കഴിഞ്ഞ ദിവസം മുതൽ ഒരു മാസത്തെ ഗ്രേസ് പീരിയഡിന് ശേഷമുള്ള ദിവസങ്ങളിലെ പിഴയാണ് ഈടാക്കുന്നത്. ആദ്യ ദിവസം 125 ദിർഹമും പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹം വീതവുമാണ് പിഴ. ആറുമാസം കഴിഞ്ഞാൽ ഇത് 50 ദിർഹമായി ഉയരും. എമിറേറ്റ്സ് ഐ.ഡിയുടെ പിഴ വേറെയും അടക്കേണ്ടിവരുമെന്നും സൂചനയുണ്ട്. ഇവർക്ക് പിഴ ഒഴിവാക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ ജി.ഡി.ആർ.എഫ്.എ അധികൃതരെ സമീപിക്കാം.
മാനുഷിക പരിഗണന നൽകേണ്ടവരാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്.കോവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടിനൽകിയത്.വിമാന മാർഗങ്ങൾ അടഞ്ഞതോടെ എങ്ങനെ നാടണയും എന്ന് ആശങ്കപ്പെട്ടവർക്ക് ഏറെ ആശ്വാസമായിരുന്നു ഈ തീരുമാനം. അതേസമയം, മാർച്ച് ഒന്നിനുമുമ്പ് വിസ കാലാവധി അവസാനിച്ചവർക്ക് നവംബർ 17 വരെ രാജ്യത്ത് തുടരാം. ഇവർക്ക് പൊതുമാപ്പിെൻറ ആനുകൂല്യമാണ് ലഭിക്കുക.
അതേസമയം, ഭൂരിപക്ഷം താമസവിസക്കാരും നാട് വിടുകയോ വിസ പുതുക്കുകയോ ചെയ്തിട്ടുണ്ട്. കേസോ ആരോഗ്യ പ്രശ്നങ്ങളോ മൂലം നാടണയാൻ കഴിയാത്തവരാണ് ഇനിയും വിസ പുതുക്കാതെ തങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.