ജബൽ ജെയ്സിൽ കൊടുംതണുപ്പ്; 3.4 ഡിഗ്രി രേഖപ്പെടുത്തി
text_fieldsദുബൈ: റാസൽഖൈമയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബൽജെയ്സിൽ ഞായറാഴ്ച രാവിലെ രേഖപ്പെടുത്തിയ താപനില ഈ വർഷത്തെ റെക്കോഡ്. 3.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ അഞ്ചോടെ ജബൽ ജെയ്സിൽ 4.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് വീണ്ടും കുറഞ്ഞാണ് ഈ വർഷത്തെ രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഞായറാഴ്ച രേഖപ്പെടുത്തിയത്.
നേരത്തെ ജനുവരി ആദ്യത്തിൽ അൽഐനിലെ റക്നയിൽ 5.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ രാജ്യത്ത് പലഭാഗത്തും മഴ ലഭിക്കുന്നുണ്ട്. അതോടൊപ്പം മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും താപനില കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ജബൽ മബ്രിഹിൽ 5.9 ഡിഗ്രിയും ജബൽ അൽ റഹ്ബയിൽ 6.2 ഡിഗ്രിയും റക്നൽ 6.7 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്. ജബൽ ജൈസ് കഴിഞ്ഞാൽ ഇവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും തണുപ്പുള്ളത്. അതേസമയം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഫുജൈറയിലാണ്. 25.3 ഡിഗ്രിയാണ് ഫുജൈറ ദദ്നയിലെ താപനില. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ അടക്കം എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്.
ഈ സീസണിലെ തണുപ്പുകാലം ഡിസംബർ 21 മുതൽ ആരംഭിച്ചതായാണ് വിദഗ്ധർ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഡിസംബറിലെ ശരാശരി താപനില മുൻവർഷത്തെ ഡിസംബറിലേതിനേക്കാൾ കൂടുതലാണ്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദർശിക്കുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്.
വിനോദസഞ്ചാരികളെ സ്വാഗതംചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.