കണ്ണുകൾ ഇന്ന് ദുബൈയിലേക്ക്
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യ- പാക് ക്രിക്കറ്റ് ആരാധകർക്ക് ലോകകപ്പ് ഫൈനലിനേക്കാൾ വലുതാണ് ഇന്ത്യ - പാകിസ്താൻ മത്സരം. പലതവണ അവർ അത് തെളിയിച്ചിട്ടുണ്ട്. വീണ്ടും ഇന്ത്യ- പാക് പോരാട്ടം അറബിമണ്ണിലേക്കെത്തുേമ്പാൾ ഇന്ന് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത് 20,000ലേറെ കാണികളായിരിക്കും. അതിലും എത്രയോ ഇരട്ടിപേർ ടിക്കറ്റ് കിട്ടാതെ നിരാശരായി ഗാലറിക്ക് പുറത്തുണ്ടാവും. അവരുടെ നിരാശ തീർക്കാനാവില്ലെങ്കിലും തങ്ങളാലാവുന്നത് ചെയ്ത് ബിഗ് സ്ക്രീനിൽ കളിയൊരുക്കാൻ ക്ലബുകൾ മുന്നോട്ടുവന്നിട്ടുണ്ട്.
ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും തത്സമയം സംപ്രേഷണമുണ്ടാകും. ക്രിക്ക് ലൈഫ് മാക്സ് (CricLifeMax) എന്ന ചാനലിലാണ് യു.എ.ഇയിൽ കളിയുടെ സംപ്രേഷണം. ഇന്ത്യ - പാകിസ്താൻ മത്സരം പ്രവാസികൾക്ക് എന്നും ആവേശമാണ്. ഷാർജ സ്റ്റേഡിയമാണ് അതിെൻറ ഈറ്റില്ലമെങ്കിലും അടുത്തിടെ മത്സരങ്ങൾ കൂടുതലും ദുബൈയിലാണ്. 2018 സെപ്റ്റംബർ 23നാണ് അവസാനമായി ഇരുടീമുകളും ദുബൈയിൽ ഏറ്റുമുട്ടിയത്. ഏഷ്യ കപ്പിെൻറ സൂപ്പർ ഫോർ മത്സരമായിരുന്നു വേദി. അന്ന് ഒമ്പത് വിക്കറ്റിന് ഇന്ത്യ അനായാസമായി ജയിച്ചു. പാകിസ്താെൻറ 238 റൺസ് വിജയലക്ഷ്യത്തിന് സെഞ്ച്വറിയോടെയായിരുന്നു രോഹിത് ശർമയും (111) ശിഖർ ധവാനും (114) മറുപടി പറഞ്ഞത്.
യു.എ.ഇയിലെ പ്രവാസികൾ മാത്രമല്ല, ഇന്ത്യയിൽനിന്നും പാകിസ്താനിൽനിന്നും കളി കാണാൻ മാത്രമായി നൂറുകണക്കിനാളുകൾ ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇപ്പോൾ ദുബൈയിലെത്തിയാൽ ലോകകപ്പും എക്സ്പോയും േഗ്ലാബൽ വില്ലേജും കണ്ട് മടങ്ങാം എന്ന നേട്ടവുമുണ്ട്. 300 ദിർഹമിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കെങ്കിലും ചൂടപ്പം പോലെയാണ് ടിക്കറ്റ് തീർന്നത്. തൊഴിലാളികൾക്ക് സൗജന്യ ടിക്കറ്റ് നൽകാൻ ഡന്യൂബ് ഉൾപ്പെടെയുള്ള കമ്പനികൾ തീരുമാനിച്ചിട്ടുമുണ്ട്.ഇതിനിടെ മത്സരവുമായി ബന്ധപ്പെട്ട് നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ അരങ്ങേറിയിരുന്നു. മത്സരത്തിൽനിന്ന് ഇന്ത്യ പിൻമാറണമെന്നുവരെ ആവശ്യമുയർന്നു. എന്നാൽ, ഇതൊന്നും യു.എ.ഇയിലെ ക്രിക്കറ്റിനെ ബാധിച്ചിട്ടേയില്ല എന്നതാണ് യാഥാർഥ്യം. കളിയെ കളിയായി തന്നെ എടുക്കുന്ന യു.എ.ഇ സർക്കാറും ഇതൊന്നും ഗൗനിച്ചിട്ടേയില്ല. ഒരുക്കങ്ങളിൽ ഒരുപടിപോലും പിന്നോട്ടുപോകാതെ അവർ മുന്നോട്ടുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.