വിദ്വേഷ പ്രചാരണം ഗണ്യമായി കുറഞ്ഞതായി ഫേസ്ബുക്ക്
text_fieldsദുബൈ: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷം ഗണ്യമായി കുറഞ്ഞതായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ പ്രസിഡന്റ് നിക്ക് ക്ലെഗ്. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ഇതു നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിലേതിനേക്കാൾ 80 ശതമാനം വിദ്വേഷ പ്രചാരണം ഒഴിവാക്കാൻ കഴിഞ്ഞു. മുമ്പ് 10,000 ഉള്ളടക്കങ്ങളിൽ വിദ്വേഷ പ്രചാരണം കണ്ടെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് വിദ്വേഷ പ്രചാരണം കണ്ടെത്തുന്നത്. ഇത് പൂജ്യത്തിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. എന്നാൽ, ഇത് പൂജ്യത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇത്തരം പോസ്റ്റുകൾ കണ്ടെത്താനും വിലക്കാനുമുള്ള ഏറ്റവും ശക്തമായ മാർഗമാണ് നിർമിത ബുദ്ധി. ജനങ്ങളെ ക്രിയാത്മകമായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കാനും നിർമിത ബുദ്ധി സഹായിക്കും. ഫേസ്ബുക്കിൽ ഉപഭോക്താക്കൾക്ക് അവരുടെ അഭിരുചികൾക്കനുസൃതമായ കാര്യങ്ങൾ ലഭിക്കാൻ നിർമിത ബുദ്ധി സഹായിക്കുന്നുണ്ട്. ഓൺലൈൻ വിദ്വേഷവും സ്ത്രീകൾക്കെതിരായ പ്രചാരണങ്ങളും നിയന്ത്രിക്കാൻ ടെക് കമ്പനികൾക്ക് എങ്ങനെ കഴിയുമെന്ന് മനസ്സിലാക്കാൻ യുനെസ്കോയും യൂറോപ്യൻ യൂനിയനും ഉൾപ്പെടയുള്ള സംഘടനകൾ സ്വതന്ത്രമായ പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സ്ത്രീകൾക്കെതിരായ പ്രചാരണം അവരുടെ ജോലിയെയും പ്രശസ്തിയേയും ബാധിക്കുന്നതായി അടുത്തിടെ യുനെസ്കോയുടെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലും ഉന്നത ജോലിയിലും എത്തുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു.
യുനസ്കോ നടത്തിയ സർവേയിൽ പങ്കെടുത്ത 30 ശതമാനം വനിത മാധ്യമപ്രവർത്തകരും സമൂഹ മാധ്യമങ്ങളിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തിയതായി വ്യക്തമാക്കിയിരുന്നു. പീഡനവും ഭീഷണിയും വ്യാജപ്രചാരണവും മൂലം 20 ശതമാനം പേർ സമൂഹ മാധ്യമങ്ങളിൽനിന്ന് പൂർണമായും പിന്മാറിയതായും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.