വിമാന യാത്രക്കാർക്ക് സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് അറിയാൻ സൗകര്യം
text_fieldsദുബൈ: വിമാന യാത്രക്കാർക്ക് യാത്രക്ക് മുമ്പുതന്നെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് പരിശോധിക്കാനുള്ള സൗകര്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അവതരിപ്പിച്ചു. ജി.ഡി.ആർ.എഫ്.എയുടെ വെബ്സൈറ്റിൽ ‘Inquiry for Smart Gate Registration എന്ന പേരിലാണ് പുതിയ സേവനം ലഭ്യമാക്കിയിട്ടുള്ളത്.
ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ സ്റ്റാറ്റസ് എളുപ്പത്തിൽ പരിശോധിക്കാനും സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുണ്ടോയെന്ന് ഉറപ്പാക്കാനും കഴിയും. സേവനം പൂർണമായും സൗജന്യമാണ്.
സ്മാർട്ട് ഗേറ്റ് രജിസ്ട്രേഷൻ പരിശോധിക്കാൻ:
1. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് സന്ദർശിക്കുക.
2. Inquiry for Smart Gate Registration https://search.app/H6eqWm5BYKqtp5v7A എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
3. താഴെ പറയുന്ന വിവരങ്ങളിൽ ഏതെങ്കിലും ഒന്ന് നൽകുക:
പാസ്പോർട്ട് നമ്പർ
വിസ ഫയൽ നമ്പർ
യു.ഡി.ബി നമ്പർ
എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ
4. ദേശീയത, ജനന തീയതി, ലിംഗഭേദം എന്നിവ രേഖപ്പെടുത്തുക
5. Submit ക്ലിക്ക് ചെയ്യുക.
സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുന്നതിലൂടെ എമിഗ്രേഷൻ നടപടി സമയം കുറക്കാനും വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കാനും സഹായിക്കും. യു.എ.ഇ പൗരന്മാർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) പൗരന്മാർ, ദുബൈ റെസിഡൻസ് വിസ ഉടമകൾ, മറ്റു വിസാ വിഭാഗങ്ങൾ എന്നിവർക്ക് സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം. തിരക്കേറിയ സമയങ്ങളിലെ ദുബൈ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനും പാസ്പോർട്ട് വെരിഫിക്കേഷനുമായി യാത്രക്കാരുടെ ആധിക്യം കാരണം കാത്തിരിപ്പ് നീളാറുണ്ട്.
സ്മാർട്ട് ഗേറ്റ് ഉപയോഗിക്കുന്നതിലൂടെ നിമിഷങ്ങൾക്കുള്ളിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാനാവും. ദുബൈ എയർപോർട്ടുകളിലെ പാസ്പോർട്ട് കൺട്രോൾ ചെക്ക്പോസ്റ്റിലൂടെ കടന്നുപോയ മിക്ക അന്താരാഷ്ട്ര യാത്രക്കാരും സ്മാർട്ട് ഗേറ്റ് സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തിരിക്കാം. ഇവർക്ക് പുതിയ വെബ്സൈറ്റ് വഴി അതിന് യോഗ്യനാണോ എന്ന് കണ്ടെത്തനാകും.
സ്മാർട്ട് ഗേറ്റ് ഉപയോഗം
സ്മാർട്ട് ഗേറ്റിൽ പ്രവേശിച്ച് ‘കാൽ പാദത്തിന്റെ’ ചിഹ്നത്തിൽ നിൽക്കുക. മുഖംമൂടികൾ, കണ്ണടകൾ, തൊപ്പികൾ തുടങ്ങി മുഖം മറക്കുന്ന എന്തും നീക്കം ചെയ്യുക. ആവശ്യമെങ്കിൽ ബോർഡിങ് പാസും പാസ്പോർട്ടും കൈയിൽ ഉണ്ടായിരിക്കണം.
തുടർന്ന് നിങ്ങളുടെ ബയോമെട്രിക്സ് പരിശോധിച്ചുറപ്പിക്കുന്നതിനും സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കുന്നതിനും കാമറയുടെ മുകളിലുള്ള പച്ച ലൈറ്റ് നോക്കുക. നിങ്ങളുടെ ബയോമെട്രിക്സിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, സ്മാർട്ട് ഗേറ്റുകൾ തുറക്കും. ഇതോടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാകും.
യു.എ.ഇ നിവാസിയോ റെസിഡൻസ് വിസക്കാരോ ആണെങ്കിൽ എമിറേറ്റ്സ് ഐഡിയോ പാസ്പോർട്ടോ നൽകാതെ സ്മാർട്ട് ഗേറ്റ് വഴി പോകാം. ചെയ്യേണ്ടത് കാമറയിലേക്ക് നോക്കി കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുക, സിസ്റ്റം നിങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും വീണ്ടെടുത്തു നടപടി അതിവേഗം പൂർത്തിയാക്കും.
127 സ്മാർട്ട് ഗേറ്റുകൾ
വിമാനത്താവളത്തിലെ പാസ്പോർട്ട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ സഞ്ചാരികൾക്ക് നിമിഷനേരംകൊണ്ട് സ്വയംതന്നെ യാത്രാനടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്മാർട്ട് ഗേറ്റ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട്ട് ഗേറ്റുകളാണ് ഉള്ളത്. 2023ൽ 21 ദശലക്ഷത്തിലധികം പേർ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.