ഗ്ലോബൽ വില്ലേജിൽ നോമ്പുതുറക്കും അത്താഴത്തിനും സൗകര്യം
text_fieldsദുബൈ: റമദാനിൽ സന്ദർശകർക്ക് ആസ്വാദനത്തിന്റെ ഏറ്റവും പുതിയ അനുഭവങ്ങൾ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദുബൈയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബൽ വില്ലേജ്. ഇതിന്റെ ഭാഗമായി സന്ദർശന സമയക്രമവും പ്രഖ്യാപിച്ചിരിക്കുകയാണ്. റമദാൻ ദിനങ്ങളിൽ എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ പുലർച്ചെ രണ്ടുവരെ സന്ദർശകരെ അനുവദിക്കും.
നിലവിൽ വൈകീട്ട് നാലു മുതൽ അർധരാത്രിവരെയെന്ന സമയക്രമമാണ് മാറ്റിയത്. സന്ദർശകർക്ക് വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിച്ച് നോമ്പു തുറക്കാനും അതോടൊപ്പം അത്താഴം വെക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുകയുമാണ് പുതിയ സമയക്രമം ലക്ഷ്യമിടുന്നത്.
ലോകത്തെ വിവിധ തരത്തിലുള്ള ആഭരണങ്ങളും കളിക്കോപ്പുകളും ഓഫറുകളോടെ സ്വന്തമാക്കാൻ കഴിയുന്ന റമദാൻ വണ്ടേഴ്സ് സൂക്കാണ് മറ്റൊരു ആകർഷണം. ഇമാറാത്തി പൈതൃക വിപണിയുടെ മാതൃകയിൽ ആഗോള ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് സൂക്ക് സ്ഥാപിച്ചിരിക്കുന്നത്.
ആപ്പിൾ, സാംസങ് കമ്പനികളുടെ സ്മാർട്ട് വാച്ചുകൾ, ഫോണുകൾ ഉൾപ്പെടെ സമ്മാനങ്ങൾ സ്വന്തമാക്കാനവസരം നൽകുന്ന സ്റ്റെപ് ചലഞ്ചാണ് മറ്റൊരു പ്രത്യേകത. കുടുംബങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ. ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്ത് ചലഞ്ചിൽ പങ്കെടുക്കാം.
തുടർന്ന് ഒറ്റ സന്ദർശനത്തിൽ 10,000 സ്റ്റെപ്പുകൾ മറികടന്നാൽ വിജയിയായി പ്രഖ്യാപിക്കും. എല്ലാ വെള്ളിയാഴ്ചകളിലുമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. റമദാനിൽ 30ഓളം കലാകാരന്മാർ പങ്കെടുക്കുന്ന അറേബ്യൻ സംഗീതവിരുന്നും അരങ്ങേറും.
നിരവധി ലൈവ് ഷോകളും പ്രധാന സ്റ്റേജുകളിലും മിനി വേൾഡിലെ വണ്ടർ സ്റ്റേജുകളിലും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് മ്യൂസിക്കൽ ഫയർ വർക്കുകളും ഒരുക്കുന്നുണ്ട്. ഡ്രാഗൺ ലേക്ക് റമദാൻ തീമായി പരിവർത്തിപ്പിച്ച് ലേസർ ഷോയും അരങ്ങേറും.
നോമ്പു തുറസമയത്ത് ഏറെ പ്രശസ്തമായ പീരങ്കിയിലൂടെ വെടിക്കെട്ടും ഒരുക്കുന്നുണ്ട്. കുട്ടികൾക്കായി കലൈഡോസ്കോപ്, അറബിക് പപ്പറ്റ് ഷോ എന്നിവയും അരങ്ങിൽ തയാറാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.