കള്ളപ്പണം തടയുന്നതിൽ വീഴ്ച; കഴിഞ്ഞ വർഷം ധനകാര്യ സ്ഥാപനങ്ങൾക്ക് പിഴയിട്ടത് 11.3 കോടി ദിർഹം
text_fieldsദുബൈ: രാജ്യത്ത് കള്ളപ്പണം തടയുന്നതിൽ വീഴ്ച വരുത്തിയ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം യു.എ.ഇ സെന്‍ട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) പിഴയായി ഈടാക്കിയത് 11.3675 കോടി ദിർഹം. ധനകാര്യ സ്ഥാപനങ്ങളിലുണ്ടായ വീഴ്ചകൾ കണ്ടെത്താനായി കഴിഞ്ഞ വർഷം സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ നടന്നത് 181 ഫീൽഡ് പരിശോധനകളാണ്. ബാങ്കുകൾ, എക്സ്ചേഞ്ച് ഹൗസുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഹവാല ഇടപാടുകൾ തുടങ്ങിയവയിൽ നിന്നാണ് വൻ തുക പിഴയീടാക്കിയത്. കള്ളപ്പണം, ഭീകര സംഘടനകൾക്കുള്ള ധനസഹായം തടയൽ നിയമം മുഴുവൻ ധനകാര്യ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭാവിയിൽ ഫീൽഡ് പരിശോധന വ്യാപകമാക്കാനാണ് തീരുമാനമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഫീൽഡ് പരിശോധനകൾ കൂടാതെ നിയമവിരുദ്ധ പണമിടപാട് തടയുന്നതിനായി 40 ബോധവത്കരണ ക്ലാസുകളും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കായി അധികൃതർ സംഘടിപ്പിച്ചിരുന്നു.
35,000 പേർ ഇതിൽ പങ്കെടുത്തു. കള്ളപ്പണം തടയാൻ സെൻട്രൽ ബാങ്കിനൊപ്പം മറ്റ് പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് രാജ്യം പുറത്തുവരാൻ സഹായിച്ചതെന്നാണ് കരുതുന്നത്. കള്ളപ്പണത്തിനെതിരെയും ഭീകരവിരുദ്ധ ഫണ്ടിങ്ങിനെതിരെയും യു.എ.ഇ നടത്തിയ ശക്തമായ നടപടികളാണ് എഫ്.എ.ടി.എഫിന്റെ പ്രഖ്യാപനത്തിലൂടെ പ്രതിഫലിച്ചതെന്ന് സി.ബി.യു.എ.ഇ ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. എഫ്.എ.ടി.എഫ് ഗ്രേ ലിസ്റ്റിൽ പുറത്തായതോടെ യു.എ.ഇയിലെ സാമ്പത്തിക സംവിധാനത്തിന്റെ വിശ്വാസ്യത വർധിക്കാനും അതുവഴി വിദേശ കറൻസി ഇടപാടുകൾ കൂടുതൽ സുഖകരമാകാനും സഹായിക്കും. 2022-23 വർഷങ്ങളിൽ ഇന്റഗ്രേറ്റഡ് എൻക്വയറി മാനേജ്മെന്റ് സിസ്റ്റത്തിലൂടെ പബ്ലിക്ക് പ്രോസിക്യൂഷനിൽനിന്നും നിയമ നിർവഹണ അതോറിറ്റിയിൽ നിന്നും ലഭിച്ച 8,300 അപേക്ഷകൾ ഫിനാൻഷ്യൽ ഇന്റലിജൻസ് പരിശോധിച്ചുവരുകയാണെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഇതിൽ 710 സാങ്കേതിക റിപ്പോർട്ടുകൾ പബ്ലിക്ക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്. അക്കൗണ്ട് മരവിപ്പിക്കൽ, പരിശോധന തുടങ്ങിയ കാര്യങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. കള്ളപ്പണം തടയുന്നതിനായി യു.എ.ഇയിലെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റും ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സമാന ഇന്റലിജൻസ് യൂനിറ്റുകളും തമ്മിലുള്ള കരാറുകളുടെ എണ്ണം 68 ആയെന്നും സെന്‍ട്രൽ ബാങ്ക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.