കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച: ദുബൈയിൽ നാലു ലോൺട്രികൾ ഉൾപ്പെടെ ആറു സ്ഥാപനങ്ങൾ അടപ്പിച്ചു
text_fieldsദുബൈ: കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ ദുബൈ മുനിസിപ്പാലിറ്റി കർശന നടപടികൾ സ്വീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട നാല് ലോൺട്രികളും സലൂണും ഭക്ഷ്യസ്ഥാപനവും ദുബൈ മുനിസിപ്പാലിറ്റി അടപ്പിച്ചു.
പരിശോധകസംഘം നടത്തിയ റെയ്ഡിനെ തുടർന്നാണ് കർശന നടപടി കൈക്കൊണ്ടത്. ദുബൈ മുനിസിപ്പാലിറ്റി ഇൻസ്പെക്ടർമാർ ഇതുവരെയായി 222 ദൈനംദിന പരിശോധനകൾ പൂർത്തിയാക്കി. മിക്ക സ്ഥാപനങ്ങളും നിർദേശങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തുന്നതായും 95 ശതമാനം സ്ഥാപനങ്ങൾ കുറ്റമറ്റരീതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായും ദൈനംദിന പരിശോധന റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ആറ് സ്ഥാപനങ്ങൾക്ക് പിഴയും നാല് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തുന്ന രേഖകൾ പരിശോധിക്കുന്നതിനൊപ്പം സാമൂഹിക അകലം, മാസ്കുകളും കൈയുറകളും ധരിക്കുക, ക്ലീനിങ്, അണുമുക്തമാക്കൽ തുടങ്ങിയ ആരോഗ്യ, സുരക്ഷാ പ്രോട്ടോകോളുകൾ എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ദിവസേന പരിശോധന നടത്തുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.