ശമ്പളം നൽകുന്നതിൽ വീഴ്ച; 10 മാസത്തിനിടെ 3000 കേസുകൾ
text_fieldsദുബൈ: ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് പത്തു മാസത്തിനിടെ കണ്ടെത്തിയത് 3000 കേസുകൾ. ദുബൈ മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനുവരി മുതൽ ഒക്ടോബർ വരെ കാലയളവിൽ 26,104 തൊഴിൽനിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർക്ക് പിഴയിടുകയും മറ്റു നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
ഈ കാലയളവിൽ 4.85 ലക്ഷം പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ നടത്തിയത്. തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് 2973 കേസുകളാണ് കണ്ടെത്തിയത്. തുടർനടപടികൾക്കായി ഈ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പാസ്പോർട്ട് പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട് 178 കേസുകൾ കണ്ടെത്തി. ഇതിൽ 132 എണ്ണം തീർപ്പാക്കി.
ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കിയതും കണ്ടെത്തി. ശമ്പളം ലഭിക്കുന്നതിന് 30ഓളം തൊഴിലാളികൾ വ്യാജരേഖകളിൽ ഒപ്പുവെച്ചു. രണ്ട് ലൈംഗിക അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തു. വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത 22,087 കേസുകളുണ്ട്. തൊഴിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയ 14 കേസുകൾ കണ്ടെത്തി.
തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൗകര്യമേർപ്പെടുത്താത്ത 165 കേസുകളുണ്ട്. തൊഴിൽസ്ഥലത്തെ പരിക്ക്, മരണം പോലുള്ള 17 സംഭവങ്ങൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.