ഡാറ്റ സംരക്ഷണത്തിൽ വീഴ്ച; ഇൻഷുറൻസ് സ്ഥാപനത്തിന് പ്രവർത്തന വിലക്ക്
text_fieldsദുബൈ: ഉപഭോക്താവിന്റെ വിവരങ്ങൾ ശരിയായി സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയ ഇൻഷുറൻസ് കമ്പനിയുടെ പ്രവർത്തനം മരവിപ്പിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക്. നടപടിക്ക് വിധേയമായ ഇൻഷുറൻസ് കമ്പനിയുടെ പേര് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. പോളിസികളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ ഇൻഷുറൻസ് സ്ഥാപനം വീഴ്ചവരുത്തിയതായി പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
സൂപ്പർവൈസറി റെഗുലേറ്ററി ഉത്തരവുകളിലൂടെ രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് കമ്പനികളും ജീവനക്കാരും യു.എ.ഇയിലെ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഇത്തരം നിയന്ത്രണങ്ങളും നടപടികളും ഇൻഷുറൻസ് മേഖലകളുടെയും സാമ്പത്തിക സംവിധാനത്തിന്റെയും സുതാര്യതയും സത്യസന്ധതയും സംരക്ഷിക്കും.
കള്ളപ്പണം തടയൽ നയങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഒരു ബാങ്കിന്റെ ലൈസൻസ് അടുത്തിടെ സെൻട്രൽ ബാങ്ക് താൽക്കാലികമായി മരവിപ്പിക്കുകയും 58 ലക്ഷം പിഴ ചുമത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.