മോട്ടോ ഫോട്ടോഗ്രാഫർ ഫൈസൽ ഉമ്മർ
text_fieldsഫോട്ടോഗ്രഫിയെ പാഷനായി കാണുന്നവർ ധാരാളമുണ്ട്. എല്ലാ തരം ഫോട്ടോകൾ എടുക്കുന്നവരും പ്രത്യേക മേഖലകളിൽ ഫോക്കസ് ചെയ്ത് അതിന് പിറകെ മടുപ്പില്ലാതെ, ആവേശപൂർവ്വം സഞ്ചരിക്കുന്നവരുമുണ്ട്. ഫാഷൻ ഫോട്ടോഗ്രഫി, സ്പോർട്സ് ഫോട്ടോഗ്രഫി, വൈൽഡ്ലൈഫ് ഫോട്ടോഗ്രഫി തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ധാരാളം പേർ കടന്നുവരുന്നുണ്ട്. എന്നാൽ ഫോട്ടോഗ്രഫിയിലെ കഴിവും സാഹസികതയും ഒരുപോലെ ആവശ്യമുള്ള 'മോട്ടോക്രോസ് ഫോട്ടോഗ്രഫി' പരീക്ഷിക്കുന്നവർ അധികമില്ല. റേസിങ് മൈതാനങ്ങളിൽ ചീറിപ്പായുന്ന വാഹനങ്ങളോടൊപ്പം കാമറക്കണ്ണും മനസും ഒരുപോലെ സഞ്ചരിച്ചാലേ നല്ല ചിത്രങ്ങൾ പകർത്താനാകൂ. പൊതുവെ മലയാളികൾക്കിയിൽ അത്രയേറെയൊന്നും പരിചിതമല്ലാത്ത മേഖലയിൽ ആവേശപൂർവ്വം സഞ്ചരിക്കുന്നയാളാണ് ദുബൈയിൽ ജോലിചെയ്യുന്ന തൃശൂർ കാരായാട്ട്കര സ്വദേശി ഫൈസൽ ഉമ്മർ.
കോളേജ് പഠനം കാലം മുതൽ ആരംഭിച്ചതാണ് ഫോട്ടോഗ്രഫിയോടുള്ള കമ്പം. വിവാഹങ്ങൾക്കും മറ്റും സൃഹൃത്തുക്കൾകൊപ്പം ചിത്രങ്ങൾ പകർത്താൻ പോയാണ് പ്രാഥമിക അറിവുകൾ നേടിയത്. അക്കാലത്ത് തന്നെ ബൈക്ക് റേസിനോടും താൽപര്യം തോന്നിയത് മോട്ടോക്രോസ് ഫോട്ടോഗ്രഫിയിലേക്ക് തിരിയാൻ കാരണമായി. 2005ൽ ദുബൈയിൽ എത്തി ജോലിയിൽ പ്രവേശിച്ച്, നാലു വർഷത്തിന് ശേഷം 2009ലാണ് കാമറ സ്വന്തമാക്കി ഫോട്ടോഗ്രഫിയിൽ സജീവമായത്. മലയാളികളായ മോട്ടോക്രോസ് ചാമ്പ്യൻമാരുടെ ചിത്രങ്ങൾ പകർത്താനാണ് ആദ്യമാദ്യം ശ്രമിച്ചത്. പിന്നീട് സാധ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും എത്തി ചിത്രങ്ങൾ പകർത്താനാരംഭിച്ചു. കഴിഞ്ഞ 12വർഷത്തിനിടയിൽ മിക്ക ഒഴിവുദിനങ്ങളും ഇതിന് പിറകെയായിരുന്നെന്ന് ഫൈസൽ പറയുന്നു.
എന്തെങ്കിലും പ്രതിഫലം ആഗ്രഹിച്ചല്ല മോട്ടോ ഫോട്ടേഗ്രഫിയിൽ തുടരുന്നതെന്ന് ഫൈസൽ പറയുന്നു. എടുക്കുന്ന ഫോട്ടോകൾ മിക്കതും സൗജന്യമായാണ് റൈഡർമാർക്കും മറ്റും നൽകുന്നത്. യൂറോപ്, ആഫ്രിക്ക തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചിലർ ഫോട്ടോകൾക്കായി ബന്ധപ്പെടുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്. അവർ നൽകുന്ന പണം ഒരു സമ്മാനമെന്ന നിലയിൽ സ്വീകരിക്കാറുമുണ്ട്. ഇന്ത്യയിലും ദുബൈയിലും നടന്ന പ്രമുഖ മോട്ടോക്രോസ് ഈവൻറുകൾ കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തിക പരിമിതികൾ കാരണം എല്ലാ വലിയ പരിപാടികളിലും പ്രവേശിക്കാൻ സാധിക്കാറില്ല. ഓരോ ഫോട്ടോ സെഷനും കഴിയുേമ്പാൾ ലഭിക്കുന്ന മാനസികോല്ലാസമാണ് പ്രധാനനേട്ടമെന്ന് ഇദ്ദേഹം പറയുന്നു.
ആസ്ട്രേലിയക്കാരനായ ലോകപ്രശസ്ത മോട്ടോർ സൈക്ക്ൾ റേസിങ് ചാമ്പ്യൻ ടോബി പ്രൈസ്, ബ്രിട്ടീഷ് റൈഡർ സാം സുന്ദർലാൻഡ്, ദക്ഷിണാഫ്രിക്കക്കരാനായ റൈഡർ മൈക്ക്ൾ ഡോകർടി എന്നിവരുടെ അഭിനന്ദനം ലഭിച്ചത് അംഗീകാരമായി കരുതുന്നു. ഫോട്ടോഗ്രഫി പാഷന് പിറകെയുള്ള ഓട്ടത്തിന് കുടുംബം പൂർണമായ പിന്തുണയുണ്ടെന്ന് ഫൈസൽ പറയുന്നു. ഭാര്യയും ഡിഗ്രി വിദ്യാർത്ഥിയായ മകളും രണ്ടാം ക്ലാസുകാരനായ മകനും അടങ്ങുന്ന കുടുംബം നാട്ടിലാണ്. നാട്ടിലെത്തിയാൽ മക്കളെയും മോട്ടോക്രോസ് ചിത്രങ്ങൾ പകർത്താനായി കൂടെ കൊണ്ടുപോകാറുണ്ട്. faisal_umer_photography എന്നതാണ് ഫൈസലിെൻറ ഇൻസ്റ്റഗ്രാം അക്കൗണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.