ഷാർജയിൽ വ്യാജ സ്വർണ നാണയങ്ങൾ വിൽക്കുന്ന സംഘം അറസ്റ്റിൽ
text_fieldsഷാർജ: വ്യാജ സ്വർണ നാണയങ്ങൾ വിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എട്ടംഗ സംഘത്തെ ഷാർജ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച ഉടൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിെൻറ പഴുതടച്ച നീക്കമാണ് സംഘത്തെ വലയിലാക്കിയത്. പ്രതികളിൽനിന്ന് വൻതോതിൽ വ്യാജ നാണയങ്ങൾ പിടിച്ചെടുത്തു.ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങളെയും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാനുള്ള അവരുടെ കാര്യക്ഷമതയെയും സന്നദ്ധതയെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം മുസാബെ അൽ അജിൽ പ്രശംസിച്ചു.
ഷാർജ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഗൾഫ് രാജ്യക്കാരനായ കച്ചവടക്കാരനെ സമീപിച്ച പ്രതികൾ സ്വർണനാണയങ്ങൾ വിൽക്കാനുണ്ടെന്നും വിപണി വിലയേക്കാൾ വൻ ആനുകൂല്യത്തിൽ സ്വർണം നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇരയുടെ വിശ്വാസം നേടിയെടുക്കാൻ യഥാർഥ സ്വർണമാണ് സാമ്പിളായി പ്രദർശിപ്പിച്ചത്. ചതി മനസ്സിലാക്കാതെ സംഘത്തെ വിശ്വസിച്ച കച്ചവടക്കാരൻ കൂടുതൽ സ്വർണ നാണയങ്ങൾ ഓർഡർ ചെയ്തു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഭാഗത്ത് വെച്ച് കൈമാറ്റം നടന്ന ഉടൻ തട്ടിപ്പു സംഘം കടന്നുകളഞ്ഞു. സംഘം നൽകിയ ബാഗ് പരിശോധിച്ചപ്പോഴാണ് ചതി മനസ്സിലായതെന്ന് ഇര പറഞ്ഞു.
സംശയം തോന്നിയവരെ പിടികൂടാനായി പൊലീസ് സ്റ്റിങ് ഓപറേഷനാണ് നടത്തിയത്. ഒരാളുടെ വാഹനത്തിൽ വ്യാജ നാണയങ്ങൾ നിറച്ച രണ്ട് പെട്ടികൾ പൊലീസ് കണ്ടെത്തി. ലോഹത്തിൽ സ്വർണ വർണം പൂശിയാണ് നാണയങ്ങൾ തയാറാക്കിയിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇൻവോയ്സ് ഇല്ലാതെ സ്വർണം വാങ്ങരുതെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടാൽ 999 അല്ലെങ്കിൽ 06-5632222 എന്ന നമ്പറിലോ ടോൾ ഫ്രീ നമ്പറായ 800 151 എന്ന നമ്പറിലോ അതുമല്ലെങ്കിൽ www.shjpolice.gov.ae എന്ന വെബ് സൈറ്റിലോ പരാതിപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.