വ്യാജ സ്വദേശിവത്കരണം; 1,444 കമ്പനികൾക്ക് പിഴ
text_fieldsദുബൈ: 2024 ജൂൺ 10 വരെയുള്ള കാലയളവിൽ വ്യാജ എമിററ്റൈസേഷൻ നടത്തിയ 1,444 കമ്പനികൾക്കെതിരെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പിഴ ചുമത്തി. 21,000 കമ്പനികൾ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. നിയമം പാലിക്കേണ്ട കമ്പനികളുടെ 90 ശതമാനം വരുന്നതാണ് നിയമം പാലിച്ചവയുടെ എണ്ണം.
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ലക്ഷം പിന്നിട്ടതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു.
സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളിൽ 70,000പേരും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘നാഫിസ്’ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ജോലിയിൽ പ്രവേശിച്ചവരാണ്. ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്.
ഈ വർഷത്തെ ആദ്യ പകുതിയിലെ നിയമനം ജൂൺ 30ന് പൂർത്തിയാക്കണമെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം പൂർത്തിയാക്കി എമിററ്റൈസേഷൻ ടാർഗറ്റ് പൂർത്തിയാകാത്ത സ്ഥാപനങ്ങളെ ജൂലൈ ഒന്നുമുതൽ പരിശോധിച്ച് പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്ന യു.എ.ഇ മന്ത്രിസഭ തീരുമാനവും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടുവർഷത്തിനകം രണ്ട് ഇമാറാത്തികളെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.