വ്യാജ സ്വദേശിവത്കരണ നിയമനം: 100 കമ്പനികൾക്ക് കൂടി പിഴയിട്ടു
text_fieldsദുബൈ: വ്യാജ സ്വദേശിവത്കരണ നിയമനവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 1660 ലെത്തിയതായി മാനവ വിഭവശേഷി എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. സ്വദേശിവത്കരണ നിയമം പ്രാബല്യത്തിൽ വന്നശേഷം ഇതുവരെ 995 കമ്പനികളാണ് നിയമലംഘനത്തിന് ശ്രമിച്ചത്. കഴിഞ്ഞ നവംബർ മുതൽ രണ്ടു മാസത്തിനിടെ നൂറിലധികം കമ്പനികൾക്ക് പിഴ ചുമത്തിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
നിയമം ലംഘിച്ച കമ്പനികൾക്ക് യു.എ.ഇ പൗരന്മാരെ നിയമിക്കുന്നതിനുള്ള ഇമാറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാമിൽ (നാഫിസ്) നിന്ന് ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഈ കമ്പനികൾക്കെതിരെ 20,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. അതോടൊപ്പം നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറുകയും ചെയ്യും. യു.എ.ഇ പൗരന്മാരുടെ പേരിൽ തെറ്റായ തൊഴിൽ പെർമിറ്റുകൾ നേടിയെടുത്ത് കമ്പനിയിൽ യഥാർഥ റോളില്ലാതെ കുടുംബാംഗങ്ങളെ നിയമിക്കുകയോ തൊഴിൽരേഖകൾ വ്യാജമാക്കുകയോ ചെയ്യുന്നത് വ്യാജ സ്വദേശി നിയമനത്തിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമം ലംഘിക്കുന്ന കമ്പനികൾ തരംതാഴ്ത്തൽ നടപടി നേരിടേണ്ടിവരും. ഇതോടെ വർക്ക് പെർമിറ്റിനും ട്രാൻസ്ഫർ ഫീസായും വലിയ തുക നൽകേണ്ടി വരും.
നിലവിൽ 250 ദിർഹം നൽകുന്നതിന് പകരം ഇത്തരം കമ്പനികൾ 3,750 ദിർഹം നൽകേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതു വരെ 19,000 സ്വകാര്യ കമ്പനികളാണ് സ്വദേശികളെ നിയമിച്ചിട്ടുള്ളത്. നിയമം പ്രാബല്യത്തിൽ വന്നശേഷം ഇതുവരെ 92,000 സ്വദേശികൾക്ക് ജോലി ലഭിച്ചിട്ടുണ്ട്.
2026നകം സ്വകാര്യ കമ്പനികളിൽ 10 ശതമാനം സ്വദേശികൾക്ക് ജോലി ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് 2021 സെപ്റ്റംബറിലാണ് നാഫിസ് പദ്ധതി യു.എ.ഇ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.