സന്ദർശകരെ ആകർഷിച്ച് ഫലജ് അൽ മുഅല്ല കോട്ട മ്യൂസിയം
text_fieldsഉമ്മുൽ ഖുവൈൻ: കടുത്ത വേനലിലും സന്ദർശകരെ ആകർഷിച്ച് ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല കോട്ട മ്യൂസിയം.രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കോട്ട യു.എ.ഇയുടെ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇടങ്ങളിൽ ഒന്നാണ്. ഭരണകൂടത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി വസ്തുക്കളും രേഖകളും മ്യൂസിയത്തിൽ സംരക്ഷിച്ചുവരുന്നുണ്ട്. 1800ൽ ശൈഖ് അബ്ദുല്ല ബിൻ റാശിദ് ഒന്നാമന്റെ കാലത്താണ് കോട്ട പണിയുന്നത്. അക്കാലത്ത് യു.എ.ഇയുടെ വേനൽകാല സന്ദർശന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു കോട്ട. കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് ചതുരാകൃതിയിലാണ് കോട്ടയുടെ നിർമാണം. മനോഹരമായ രണ്ട് ഗോപുരങ്ങൾ ഏറെ ആകർഷണീയമാണ്. നശീകരണത്തിന്റെ വക്കിലായിരുന്ന കോട്ടയും അതിന് അനുബന്ധമായുള്ള പള്ളിയും നവീകരിക്കാൻ 2009ൽ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുല്ല ഉത്തരവിട്ടിരുന്നു. ശേഷം 2015ൽ ആണ് കോട്ടയുടെ നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചത്. ഇപ്പോൾ എമിറേറ്റിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമായി മാറിയിരിക്കുകയാണ് കോട്ട മ്യൂസിയം. ഉമ്മുൽ ഖുവൈൻ ടൂറിസം, പുരാവസ്തു വകുപ്പുകൾക്കാണ് കോട്ടയുടെ സംരക്ഷണ ചുമതല.
മ്യൂസിയമായി പരിവർത്തിപ്പിച്ചശേഷം കോട്ടയുടെ പുറംഭാഗം പ്രാദേശിക കച്ചവടക്കാർക്കും സ്വദേശികളായ ഉൽപാദകർക്കും കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കാനായി മാറ്റിയിരിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ, ആചാരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനുള്ള വേദികൂടിയാണ് ഇവിടം. കോട്ടക്കകത്തുള്ള ‘സമുദ്ര മുറി’യിൽ കടലിന്റെ പ്രാധാന്യം വിളിച്ചുപറയുന്ന നിരവധി വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നത്. കപ്പലുകൾ, പരമ്പരാഗത മീൻപിടിത്ത ഉപകരണങ്ങൾ, രത്നങ്ങൾ, പലതരം ബോട്ടുകളുടെ മാതൃക എന്നിവ ഈ മുറിയിൽ കാണാം. മറ്റൊരു പ്രധാന ആകർഷണമാണ് പെൺമുറി അഥവ ശൈഖയുടെ മുറി. ഈ മുറിയിലുള്ളതെല്ലാം പരമ്പരാഗത രീതിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്നതാണ് പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.