ഫാൽക്കൺ-9 വിക്ഷേപണം മുടങ്ങിയത് അവസാന മിനിറ്റിൽ
text_fieldsദുബൈ: തിങ്കളാഴ്ച ലോകം മുഴുവൻ തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫാൽക്കൺ-9 വിക്ഷേപണം.
അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികനായ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദിയുള്ളതിനാൽ അറബ് ലോകം പ്രത്യേക ആകാംക്ഷയിലായിരുന്നു. രാവിലെ 7.15ഓടെതന്നെ യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി തത്സമയ സംപ്രേഷണം ആരംഭിക്കുകയും ചെയ്തു. 10 മണി കഴിഞ്ഞതോടെ നിരവധി പേരാണ് ലൈവിൽ എത്തിയത്.
യാത്രികർ കുടുംബത്തോട് യാത്ര പറയുന്നതും പേടകത്തിലേക്ക് കയറുന്നതുമെല്ലാം വിഡിയോയിൽ തെളിഞ്ഞതോടെ വിക്ഷേപണം എല്ലാവരും ഉറപ്പിച്ചതായിരുന്നു. എന്നാൽ 10.45 കഴിഞ്ഞിട്ടും റോക്കറ്റ് പറന്നുയരാതെവന്നതോടെ ആശങ്ക പടർന്നു. പിന്നീട് ‘നാസ’യുടെ അറിയിപ്പ് വന്നതോടെ നിരാശ പടർന്നു.
അവസാന മിനിറ്റിൽ വിക്ഷേപണം മുടങ്ങിയതിന് കാരണമായി അധികൃതർ വിശദീകരിച്ചത് റോക്കറ്റ് എൻജിനുകൾ ജ്വലിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനത്തിലെ പിഴവാണ്. എൻജിനുകൾ നേരത്തേ കൃത്യപ്പെടുത്തിയ സമയത്ത് പ്രവർത്തിച്ചുതുടങ്ങാൻ വളരെ ശ്രദ്ധയോടെ കൈകാര്യംചെയ്യുന്ന സംവിധാനമാണ് ഒരുക്കാറുള്ളത്. ട്രൈഎഥൈലാലുമിനിയം(ടി.ഇ.എ), ട്രൈഥൈൽബോറേൻ(ടി.ഇ.ബി) എന്നിവ സംയോജിപ്പിച്ച സംവിധാനമാണിത്. ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ സ്വയമേവ ജ്വലിക്കുകയും എൻജിൻ പ്രവർത്തിപ്പിക്കുകയുമാണിത് ചെയ്യുന്നത്.
ഇതിൽ തകരാർ അപ്രതീക്ഷിതമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചന. കാരണം എല്ലാ ഒരുക്കവും അവസാന പരിശോധനയും പൂർത്തീകരിച്ചശേഷമാണ് ശനിയാഴ്ച ലോഞ്ചിങ് സമയം കൃത്യപ്പെടുത്തിയത്.
വിക്ഷേപണം മുടങ്ങിയത് ദൗത്യത്തിന് കൂടുതൽ കരുത്തു പകരുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. യാത്രികർക്ക് എല്ലാ നടപടിക്രമങ്ങളും കൃത്യതയോടെ പരിശീലിക്കാൻ അവസരമൊരുങ്ങി എന്നു മാത്രമല്ല, കൂടുതൽ സൂക്ഷ്മമായ പരിശോധനക്ക് അവസരവും ഒരുങ്ങി.
ക്രൂ അംഗങ്ങൾക്കും റോക്കറ്റിനും ഒരു പ്രശ്നവുമില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുമുണ്ട്. മനുഷ്യരുടെ ബഹിരാകാശയാത്ര എപ്പോഴും അപകടസാധ്യതയുള്ളതാണെന്നും എന്നാൽ പൂർണമായും തയാറാകുമ്പോഴാണ് വിക്ഷേപണം നടത്തുകയെന്നും ‘നാസ’ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ വിശദീകരിച്ചു. ക്രൂ-6 സുരക്ഷിതമാക്കുന്നതിൽ നാസ, സ്പേസ് എക്സ് ടീമുകൾ നിർവഹിച്ച ശ്രദ്ധയിലും അർപ്പണബോധത്തിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.