പൊതുമാപ്പെന്ന് വ്യാജ പ്രചാരണം: ഷാർജയിൽ തസ്ഹീൽ സെന്റററിനുമുന്നിൽ നീണ്ട ക്യൂ
text_fieldsഷാർജ: അനധികൃത താമസക്കാർക്ക് പൊതുമാപ്പ് നൽകുന്നുവെന്ന വ്യാജപ്രചാരണത്തെത്തുടർന്ന് ഷാർജയിൽ തസ്ഹീൽ സെന്ററിനുമുന്നിൽ നീണ്ട ക്യൂ.
പ്രചാരണം വ്യാജമാണെന്ന് പൊലീസ് അറിയിച്ച ശേഷവും ഇവിടെയെത്തി ക്യൂ നിൽക്കുകയാണ് പ്രവാസികൾ.
മലയാളികൾ വിരളമാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശികളുമാണ് കൂടുതലും ഇവിടേക്ക് എത്തുന്നത്.
അധികൃതർ മടക്കിയയക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെ ഇവിടെ വരിനിൽക്കുകയാണ് നിരവധി പേർ.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് ഷാർജയിലെ തഹ്സീൽ സെന്ററിലെത്തി അപേക്ഷ നൽകിയാൽ പൊതുമാപ്പ് ലഭിക്കുമെന്ന് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പരന്നിരുന്നു. ഈ വിഡിയോയാണ് ഇവിടേക്ക് ആളുകളുടെ ഒഴുക്കിന് കാരണമായത്.
വിസ കാലാവധി തീർന്നവരാണ് പൊതുമാപ്പ് പ്രതീക്ഷിച്ച് ഇവിടെ എത്തുന്നവരിൽ ഏറെയും.
ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദിവസവും ആളുകൾ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രചാരണം വ്യാജമാണെന്നും മന്ത്രാലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികാരികളിൽനിന്ന് മാത്രമേ സ്വീകരിക്കാവൂവെന്നും ഷാർജ പൊലീസ് അറിയിച്ചിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്.
വിവരങ്ങളുടെ സ്രോതസ്സ് പരിശോധിച്ച് ഔദ്യോഗിക ഉറവിടത്തിൽ നിന്നോ യോഗ്യതയുള്ള അധികാരികളുടെ പ്ലാറ്റ്ഫോമുകളിൽ നിന്നോ മാത്രമേ ഇത്തരം കാര്യങ്ങൾ എടുക്കാൻ പാടുള്ളൂ.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയോ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ കഴിഞ്ഞ ദിവസം യു.എ.ഇ പബ്ലിക്ക് പോസിക്യൂട്ടർ ഓർമപ്പെടുത്തിയിരുന്നു.
ഒരുവർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.