ദമ്പതികള്‍ തമ്മിൽ മിണ്ടാട്ടം കുറഞ്ഞാൽ കൗണ്‍സലിങ്
text_fieldsഅബൂദബി: ദമ്പതികള്‍ തമ്മിലുള്ള സംസാരക്കുറവ് പരിഹരിക്കുന്നതിനായി ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് കൗണ്‍സലിങ് സേവനത്തിന് തുടക്കം. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണയുണ്ടാക്കുന്നതിനും പ്രശ്നപരിഹാരത്തിനുമായാണ് സാമൂഹിക കൗണ്‍സലിങ് സേവനം ഫൗണ്ടേഷന് ആരംഭിച്ചത്. വിദഗ്ധരായ ഒരുസംഘമാവും ഈ സേവനം നല്‍കുക. പ്രശ്നങ്ങള്‍ തരണം ചെയ്ത് കുടുംബ സുസ്ഥിരത ഉറപ്പുവരുത്താന്‍ സംഘം സഹായിക്കും.
ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ ദമ്പതികളുടെ ബന്ധത്തിലും കുടുംബത്തിലും പ്രതികൂല സാഹചര്യം ഉണ്ടാക്കുമെന്ന് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടുന്നു. തെറ്റിദ്ധാരണ, ദേഷ്യം, അവിശ്വാസം, വിഷാദം തുടങ്ങിയ ഘടകങ്ങളും ഇത്തരം പ്രശ്നങ്ങള്‍ക്കു കാരണമാവാറുണ്ട്. ഇത് ദമ്പതികള്‍ തമ്മിലുള്ള വൈകാരിക അകല്ച്ചയിലേക്ക് നയിക്കുകയും കുടുംബത്തിന്റെ, പ്രത്യേകിച്ച് കുട്ടികളുടെ ക്ഷേമത്തെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തി ആശയവിനിമയത്തെ പ്രോല്‍സാഹിപ്പിച്ചും മികച്ച ശ്രോതാവാകാന്‍ പ്രേരിപ്പിച്ചും ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഫൗണ്ടേഷന്റെ പുതിയ സേവനം സഹായിക്കും.
വിവാഹത്തിനു മുന്നോടിയായി ജനിതക പരിശോധനക്ക് വിധേയരാവണമെന്ന നിബന്ധന അബൂദബിയില്‍ അടുത്തിടെ പ്രാബല്യത്തില്‍ വന്നിരുന്നു. അബൂദബി, അല്‍ ദഫ്റ, അല്‍ഐന്‍ മേഖലകളിലെ 22 പ്രാഥമിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളില്‍ സേവനം ലഭിക്കും. സാംപ്ള്‍ ശേഖരിച്ച് 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. പ്രതിശ്രുത ദമ്പതികള്‍ ഒരേ ജനിതകമാറ്റങ്ങളുടെ വാഹകരാണോ എന്നു തിരിച്ചറിയാനും ഭാവിയില്‍ ഇവര്‍ക്കു ജനിക്കുന്ന കുട്ടികളിലേക്കു ഇത് പകരാവുന്നതും തടയാവുന്നതുമായ ജനിതക രോഗങ്ങള്‍ക്കു കാരണമാവുമോ എന്ന് കണ്ടെത്തുകയുമാണ് പരിശോധനയുടെ ലക്ഷ്യം.
840ലേറെ ജനിത രോഗങ്ങള്‍ക്കു കാരണമാവുന്ന ജനിതക മാറ്റങ്ങള്‍ തിരിച്ചറിയാന്‍ സമഗ്രമായ പരിശോധനയിലൂടെ സാധ്യമാവും. ജനിതകരോഗങ്ങള്‍ തടയാനും രോഗനിര്‍ണയം നടത്താനും ദമ്പതികള്‍ക്ക് പ്രത്യുൽപാദന മരുന്നുകള്‍ നല്‍കിയും മറ്റും പരിഹാരങ്ങള്‍ കണ്ടെത്താനും വിവിധ ഘട്ടങ്ങളിലെ ഇടപെടലിലൂടെ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.