‘മദേഴ്സ് എൻഡോവ്മെന്റ്’ ഫണ്ട് ശേഖരണത്തിന് ഫാൻസി നമ്പർ ലേലം
text_fieldsവാഹന, മൊബൈൽ ഫോൺ നമ്പറുകളുടെ ലേലം നാളെ
ദുബൈ: ആഗോളതലത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിദ്യാഭ്യാസ സഹായത്തിനായി രൂപവത്കരിച്ച മദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന് ഫണ്ട് ശേഖരണം ലക്ഷ്യംവെച്ച് ഫാൻസി നമ്പറുകളുടെ ലേലം. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ), എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ), ടെലികമ്യൂണിക്കേഷൻ കമ്പനികളായ ‘ഡു’, ഇത്തിസലാത്ത് എന്നിവയുടെ പിന്തുണയോടെ ലേലം സംഘടിപ്പിക്കുന്നത്. ഞായറാഴ്ചത്തെ ചടങ്ങിൽ 31പ്രത്യേക നമ്പറുകളാണ് ലേലത്തിൽ വെക്കുന്നത്. ഇവയിൽ 10എണ്ണം വാഹനങ്ങളുടെ പ്ലേറ്റ് നമ്പറുകളും 10 ‘ഡു’വിന്റെയും 11 ഇത്തിസലാത്തിന്റെയും മൊബൈൽ നമ്പറുകളുമാണ്. ജുമൈറ ബീച്ചിലെ ഫോർ സീസൺസ് റിസോർട്ട് ദുബൈയാണ് ലേലം നടക്കുന്ന വേദി.
‘മോസ്റ്റ് നോബ്ൾ നമ്പർ ചാരിറ്റി ലേല’ത്തിൽ ഉന്നത വ്യക്തിത്വങ്ങൾ, ജീവകാരുണ്യ തൽപരരായ വ്യക്തികൾ, വ്യവസായികൾ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ74, ഒ51, വി39, പി42, ക്യു49, ടി95, യു53, യു79, ഡബ്ല്യു62, ഡബ്ല്യു85 എന്നീ പ്ലേറ്റ് നമ്പറുകളാണ് ലേലത്തിനുള്ളത്. എളുപ്പത്തിൽ മനസ്സിൽ പതിയുന്ന ആകർഷകമായ ഫോൺ നമ്പറുകളാണ് ‘ഡു’യും ഇത്തിസലാത്തും ലേലത്തിനായി മാറ്റിവെച്ചിരിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘മദേഴ്സ് എൻഡോവ്മെന്റ്’ സംരംഭത്തിലേക്ക് റമദാനിലെ ആദ്യ ആഴ്ചയിൽ 50.5 കോടി ദിർഹം ലഭിച്ചിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള സഹായങ്ങൾ ലഭ്യമാക്കാനും സ്കൂളുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.