ആഘോഷത്തിന് ലോകകപ്പ് ഫാൻസ് ഫെസ്റ്റും;ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ 15 മുതൽ
text_fieldsദുബൈ: കൈനിറയെ സമ്മാനങ്ങളും നിലക്കാത്ത ആഘോഷ ദിനങ്ങളുമായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഡിസംബർ 15 മുതൽ ജനുവരി 29 വരെ 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻസ് ഫെസ്റ്റും ഒരുക്കുമെന്ന് സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (ഡി.എഫ്.ആർ.ഇ) അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് 10 ലക്ഷം ദിർഹം, ഒരുകിലോ സ്വർണം, ഡൗൺടൗൺ ദുബൈയിൽ അപ്പാർട്മെന്റ് തുടങ്ങി നിരവധി ആഡംബര സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
ആകർഷകമായ വിനോദ പരിപാടികൾ, മികച്ച ഷോപ്പിങ് ഡീലുകൾ, പ്രമോഷനുകൾ, റാഫിളുകൾ, ഹോട്ടൽ ഓഫറുകൾ, സംഗീതക്കച്ചേരികളും മറ്റു ആഘോഷങ്ങളും തുടങ്ങിയ ആകർഷണങ്ങൾ ഇത്തവണ സജ്ജമായിക്കഴിഞ്ഞെന്ന് അധികൃതർ വ്യക്തമാക്കി. വെടിക്കെട്ടും ഡ്രോൺ ഷോയും ഇതിനൊപ്പം ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടാനുണ്ടാകും. മൂന്നുദിവസത്തെ ഡി.എസ്.എഫ് ഫൈനൽ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
യു.എ.ഇ സർക്കാർ ആരംഭിച്ച 'ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം' എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദർകരെ ആകർഷിക്കാനും വിവിധ പരിപാടികൾ നടത്തും.ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നായ ഡി.എസ്.എഫിന്റെ 28ാം എഡിഷനാണ് ഇത്തവണത്തേത്.ഉദ്ഘാടന ദിവസമായ 15ന് നഗരത്തിലെ വിവിധ ലൊക്കേഷനുകളിൽ വെടിക്കെട്ടുകൾ അരങ്ങേറും. ഡി.എഫ്.ആർ.ഇ സി.ഇ.ഒ അഹമ്മദ് അൽ ഖാജ, റീട്ടെയിൽ രജിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഫിറാസ് അരയ്ഖത്ത്, ഇവന്റ്സ് പ്ലാനിങ് ടീമിലെ കൽത്തം അൽ ശംസി, റാഫിൾസ് ഡയറക്ടർ അബ്ദുല്ല അൽ അമീരി എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.