ആരാധകർ ഒഴുകി; ആവേശക്കടലായി കലാശപ്പോര്
text_fieldsദുബൈ: ഇന്ത്യയില്ലാത്ത ഫൈനലിന് ജീവൻ നഷ്ടപ്പെടുമെന്ന ആശങ്കകൾ സിക്സറിന് പറത്തി ദുബൈയിലെ ക്രിക്കറ്റ് ആരാധകർ. രണ്ടാഴ്ചയായി ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ഏഷ്യകപ്പ് ഫൈനൽ കാണാൻ പതിനായിരങ്ങളാണ് ദുബൈ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. പാകിസ്താനികൾ ഏറെയുള്ള ദുബൈയിൽ ലങ്കയുടെ നീലയേക്കാൾ ഗാലറിയിൽ നിറഞ്ഞത് പാകിസ്താന്‍റെ പച്ചയായിരുന്നു. പ്രതീക്ഷകൾ കവച്ചുവെച്ച് ആരാധകർ ഒഴുകിയതോടെ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനെ അതിജീവിച്ചാണ് കാണികൾ സ്റ്റേഡിയത്തിലെത്തിയത്.
ഫൈനലിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടക്കുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ. ആദ്യ ഇന്ത്യ-പാക് മത്സരത്തിന് ടിക്കറ്റ് കിട്ടാത്തവർ ഈ മത്സരത്തിന് നേരത്തേതന്നെ ടിക്കറ്റെടുത്തിരുന്നു. എന്നാൽ, സകലരുടെയും പ്രതീക്ഷകൾ തച്ചുടച്ച് ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക കലാശപ്പോരിന് ടിക്കറ്റെടുത്തു. ഇതോടെ ടിക്കറ്റെടുത്ത ഇന്ത്യൻ ആരാധകർ നിരാശരായി. എങ്കിലും, ഫൈനൽ കാണാൻ നിരവധി ഇന്ത്യക്കാർ എത്തി എന്നതിന്‍റെ തെളിവായിരുന്നു ദുബൈ സ്റ്റേഡിയത്തിലെ നിറഗാലറി. ചിരവൈരികളായ പാകിസ്താനെ പിന്തുണക്കാൻ കഴിയാത്തതിനാൽ ഭൂരിപക്ഷവും ശ്രീലങ്കക്കുവേണ്ടിയാണ് ആർപ്പുവിളിച്ചത്. ലങ്കൻ ജഴ്സിയണിഞ്ഞും ഇന്ത്യക്കാർ ഗാലറിയിലെത്തിയിരുന്നു. പാകിസ്താന്‍റെയും ശ്രീലങ്കയുടെയും ജഴ്സിയണിഞ്ഞെത്തിയവരെപ്പോലെതന്നെ നിരവധി പേർ ജഴ്സിയില്ലാതെ എത്തിയിരുന്നു. നേരത്തേ ടിക്കറ്റെടുത്ത ഇന്ത്യൻ ആരാധകരായിരുന്നു ഇവരിൽ ഏറെയും. ടോസ് പാകിസ്താൻ നേടിയതോടെ പാക് ആരാധകർ പകുതി ആവേശത്തിലായി. ആദ്യ ഓവറിൽതന്നെ നസീം ഷാ ആഞ്ഞടിച്ചതോടെ പാക് ആരാധകരുടെ ആഹ്ലാദം ഇരട്ടിച്ചു. തുടരെ വിക്കറ്റ് വീണപ്പോൾ ലങ്കൻ ക്യാമ്പ് നിശ്ശബ്ദമായി. വൈകുന്നേരം മൂന്നിനാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനമെങ്കിലും രാവിലെ മുതൽ ഇവിടേക്ക് ഒഴുക്ക് തുടങ്ങി. ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങിയ ഗതാഗതക്കുരക്ക് രാത്രി വരെ നീണ്ടു. മത്സരം തുടങ്ങിയശേഷവും സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.